സർക്കാർ ചീഞ്ഞുനാറുന്നു; ലോകത്തുള്ള തൈലങ്ങളെല്ലാം പുരട്ടിയാലും സുഗന്ധമുണ്ടാകില്ല: ചെന്നിത്തല

സർക്കാർ ചീഞ്ഞുനാറുന്നു; ലോകത്തുള്ള തൈലങ്ങളെല്ലാം പുരട്ടിയാലും സുഗന്ധമുണ്ടാകില്ല: ചെന്നിത്തല

കള്ളക്കടത്തിനും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന പിണറായി സർക്കാർ ചീഞ്ഞു നാറുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോകത്തുള്ള തൈലങ്ങൾ എല്ലാം ശേഖരിച്ച് പുരട്ടിയാലും അതിന് സുഗന്ധമുണ്ടാകില്ല.

മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശനത്തെ കൊള്ളസംഘം ഫലപ്രദമായി ചൂഷണം ചെയ്തു. സ്വപ്‌ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക സംഘത്തിൽ ചർച്ചകൾക്കായി നിയോഗിക്കപ്പെട്ടത് ഏത് പശ്ചാത്തലത്തിലാണ്. രാജ്യാന്തര ബന്ധമുള്ള രാജ്യദ്രോഹ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഇത്തരമൊരു കേസിന് സംസ്ഥാന സർക്കാരിന്റെ ഉന്നതോദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന വാർത്ത ഞെട്ടിക്കുന്നതാണ്.

ശിവശങ്കറിന് മാത്രമാണ് കേസിൽ ബന്ധമെന്നാണ് മുഖ്യമന്ത്രി തുടക്കം മുതലെ പറഞ്ഞത്. എന്നാൽ സർക്കാരിന് മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും ഇതിൽ ബന്ധമുണ്ടെനന്നാണ് ഇ.ഡി പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ആരെല്ലാമുണ്ടെന്ന വസ്തുതയാണ് പുറത്തുവരേണ്ടത്.

സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫിലും സ്വപ്‌നയുടെ പങ്കാളിത്തവും നേതൃത്വവും ഉണ്ടെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകിയിട്ടില്ല. ഇതിന്റെ കമ്മീഷൻ എവിടെ പോയി എന്നത് അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

Share this story