ബിനീഷ് കുറ്റക്കാരനെങ്കിൽ ശിക്ഷിക്കപ്പെടട്ടെ; തൂക്കിക്കൊല്ലേണ്ടതാണെങ്കില്‍ തൂക്കിക്കൊല്ലട്ടെ: കോടിയേരി

ബിനീഷ് കുറ്റക്കാരനെങ്കിൽ ശിക്ഷിക്കപ്പെടട്ടെ; തൂക്കിക്കൊല്ലേണ്ടതാണെങ്കില്‍ തൂക്കിക്കൊല്ലട്ടെ: കോടിയേരി

തിരുവനന്തപുരം: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കാമെന്നും ആരും സംരക്ഷിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണൻ. ബെംഗളുരു മയക്കുമരുന്ന് കേസ് പ്രതികളുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന ആരോപണത്തെ കുറിച്ചുളള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണസംഘം എല്ലാ കാര്യങ്ങളും അന്വേഷണ വിധേയമാക്കട്ടെ. നിങ്ങളൊരു രക്ഷിതാവാണെങ്കിൽ ഇത്തരമൊരു കാര്യമറിഞ്ഞാൽ നിങ്ങൾ സംരക്ഷിക്കുമോ? ഏതെങ്കിലും ഒരു രക്ഷിതാവ് സംരക്ഷിക്കുമോ ഇല്ലാത്ത കഥകളുണ്ടാക്കി പ്രചരിപ്പിച്ച് പുകമറ സൃഷ്ടിക്കനാണ് ഈ ആരോപണത്തിലൂടെ ശ്രമിക്കുന്നത്.

മാനസികമായി എന്നെ തകർക്കനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇതുകൊണ്ടൊന്നും എന്നെ തകർക്കാനാവില്ല. ഇതും ഇതിനേക്കാൾ വലിയ കഥകൾ വന്നാൽ അതും നേരിടാൻ തയ്യാറായിട്ടാണ് കമ്മ്യൂണിസ്റ്റുകാരനായി ഇരിക്കുന്നത്. കമ്മ്യൂണിസ്റ്റ് നേതാവാകുമ്പോൾ പലതരത്തിലുളള ആക്രമണങ്ങൾ ഉണ്ടാകും. അതുകൊണ്ട് വിചാരണയും പരിശോധനയും ഒരുവഴിക്ക് നടക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ ഏജൻസി കാര്യങ്ങൾ സ്വതന്ത്രമായി അന്വേഷിച്ച് കണ്ടെത്തട്ടെ. ബിനീഷ് വല്ല കുറ്റവും ചെയ്തെങ്കിൽ അവനെ ശിക്ഷിക്കട്ടെ, തൂക്കിക്കൊല്ലണ്ടതാണെങ്കിൽ തൂക്കിക്കൊല്ലട്ടെ. ആരും സംരക്ഷിക്കാൻ പോകുന്നില്ല- കോടിയേരി പറഞ്ഞു.

കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഉപതിരഞ്ഞെടുപ്പ് എപ്പോൾ നടത്തിയാലും നേരിടാൻ ഇടതുപക്ഷ മുന്നണി സജ്ജമാണ്. ജോസ്.കെ.മാണിയോട് നിഷേധാത്മകമായ നിലപാടല്ല ഇടതുപക്ഷത്തിനുളളതെന്നും ജോസ് കെ മാണി ഒരു നിലപാട് സ്വീകരിച്ചതിന് ശേഷം ഇക്കാര്യം ചർച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

Share this story