കൊല്ലപ്പെട്ട സലാഹുദ്ദീന് കൊവിഡ്; മയ്യത്ത് നിസ്‌കാരം അട്ടിമറിക്കാനുള്ള നീക്കമെന്ന് എസ് ഡി പി ഐ

കൊല്ലപ്പെട്ട സലാഹുദ്ദീന് കൊവിഡ്; മയ്യത്ത് നിസ്‌കാരം അട്ടിമറിക്കാനുള്ള നീക്കമെന്ന് എസ് ഡി പി ഐ

കണ്ണൂരിൽ ഇന്നലെ കൊല്ലപ്പെട്ട എസ് ഡി പി ഐ പ്രവർത്തകൻ സലാഹുദ്ദിന് കൊവിഡ് സ്ഥിരീകരിച്ചത് ഗൂഢാലോചനയെന്ന് എസ് ഡി പി ഐ. സലാഹുദ്ദീന് കൊവിഡ് പോസിറ്റീവ് എന്ന ചാനൽ സ്‌ക്രീൻ ഷോട്ട് ഫേസ്ബുക്കിൽ ഷെയർ ചെയ്തതിനൊപ്പം കണക്കുകൂട്ടൽ തെറ്റിയില്ല, ഇതിനപ്പുറം നാം പ്രതീക്ഷിക്കരുതെന്ന കുറിപ്പാണ് എസ് ഡി പി ഐ നേതാവ് നസറുദ്ദീൻ എളമരം പങ്കുവെച്ചിരിക്കുന്നത്.

നസറുദ്ദീന്റെ പോസ്റ്റിന് താഴെ നിരവധി എസ് ഡി പി ഐക്കാർ വന്ന് കമന്റുകളിടുന്നുണ്ട്. മയ്യത്ത് നിസ്‌കാരം അട്ടിമറിക്കാനുള്ള പോലീസിന്റെ ഗൂഢ നീക്കമെന്നൊക്കെയാണ് ഇവർ ആരോപിക്കുന്നത്. എന്തുവന്നാലും ആളുകൾ മയ്യത്ത് നിസ്‌കാരത്തിന് കൂടണമെന്നും ഈ കൊവിഡ് കാലത്തും നിരവധി എസ് ഡി പി ഐക്കാർ സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്യുന്നുമുണ്ട്. സലാഹുദ്ദീന്റെ കൊവിഡ് ടെസ്റ്റ് പ്രൈവറ്റ് ആശുപത്രിയിൽ നിന്ന് നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.

എബിവിപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇന്നലെ കൊല്ലപ്പെട്ട സലാഹുദ്ദീൻ. ഈ കേസിൽ ജാമ്യത്തിൽ കഴിയവെയായിരുന്നു ഇന്നലെ ഒരു സംഘമാളുകൾ ചേർന്ന് വെട്ടി കൊലപ്പെടുത്തിയത്.

Share this story