മന്ത്രി കെ.ടി ജലീല്‍ രാജിവയ്ക്കണമെന്ന ആവശ്യമില്ല; മുഖ്യമന്ത്രി പിണറായി വിജയന്‍

മന്ത്രി കെ.ടി ജലീല്‍ രാജിവയ്ക്കണമെന്ന ആവശ്യമില്ല; മുഖ്യമന്ത്രി പിണറായി വിജയന്‍

മന്ത്രി കെ.ടി ജലീല്‍ രാജിവയ്ക്കേണ്ട ആവശ്യമില്ല. പ്രതിപക്ഷത്തിൻ്റെ രാജി ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ജലീലിനെതിരെ ലഭിച്ച പരാതികള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ആരും രാജിവച്ചിട്ടില്ലെന്നും അദ്ദേഹത്തിനെതിരെ ചാര്‍ജ്ജ് ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ഇ.പി.ജയരാജന്റെ മകനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സര്‍ക്കാരിനെ അപമാനിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഖുറാനുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ മന്ത്രി കെ.ടി.ജലീലിനെതിരെ കേന്ദ്ര ഏജന്‍സിക്ക് ലഭിച്ചു. ഇതില്‍ ജലീലിനോട് അന്വേഷണ ഏജന്‍സി വിവരങ്ങള്‍ തേടി. ഇതില്‍ മറ്റു വലിയ കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സക്കാത്ത് നല്‍കലും മതഗ്രന്ഥം വിതരണം ചെയ്യുന്നതും കുറ്റകരമല്ല. അന്വേഷണത്തിന്റെ ഭാഗമായി ആരും രാജിവച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാതി ലഭിച്ചാല്‍ അന്വേഷിക്കുകയെന്നതു അന്വേഷണ ഏജന്‍സിയുടെ ബാധ്യതയാണ്.

സര്‍ക്കാരിനെതിരെ ബോധപൂര്‍വം അപവാദം പ്രചരിപ്പിക്കാന്‍ ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ഇ.പി. ജയരാജന്റെ കുടുംബാംഗങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നിലും ഈ ശ്രമമാണ്. കെ.ടി ജലീലിനെ വാഹനം കുറുകെയിട്ട് അപായപ്പെടുത്താന്‍ ശ്രമിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എക്കെതിരെ ആഭാസ സമരം നടത്തി. ഇതില്‍ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Share this story