നെഹ്‌റു കുടുംബത്തിനെതിരായ അനുരാഗ് ഠാക്കൂറിന്റെ പരാമർശം ബഹളത്തിൽ കലാശിച്ചു; ലോക്‌സഭ രണ്ട് തവണ നിർത്തിവെച്ചു

നെഹ്‌റു കുടുംബത്തിനെതിരായ അനുരാഗ് ഠാക്കൂറിന്റെ പരാമർശം ബഹളത്തിൽ കലാശിച്ചു; ലോക്‌സഭ രണ്ട് തവണ നിർത്തിവെച്ചു

പിഎം കെയേഴ്‌സ് ഫണ്ടിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ലോക്‌സഭ ബഹളത്തിൽ മുങ്ങി. നെഹ്‌റു കുടുംബത്തിനെതിരെ ധനവകുപ്പ് സഹമന്ത്രി അനുരാഗ് ഠാക്കൂർ നടത്തിയ ആരോപണമാണ് ബഹളത്തിന് കാരണമായത്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു

വിമർശിക്കാൻ വേണ്ടി മാത്രം ചിലർ പിഎം കെയേഴ്‌സ് ഫണ്ടിനെതിരെ ആരോപണം ഉന്നയിക്കുന്നു. ഇവിഎം മെഷീനുകളെ വിമർശിച്ചതു പോലെയാണിത്. ജൻധൻ, നോട്ടുനിരോധനം, മുത്തലാഖ്, ജി എസ് ടി തുടങ്ങിയവയെ പോലും പ്രതിപക്ഷം മോശമായി ചിത്രീകരിച്ചു. പിഎം കെയേഴ്‌സ് ഫണ്ട് രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണ്. എന്നാൽ നെഹ്‌റു കുടുംബത്തിലുള്ളവർ വ്യാജപേരിൽ ട്രസ്റ്റുകളുണ്ടാക്കി സാമ്പത്തിക തിരിമറി നടത്തിയെന്ന് അനുരാഗ് ഠാക്കൂർ പറഞ്ഞു.

ഇതോടെ കോൺഗ്രസ് നേതാക്കൾ ബഹളം വെച്ച് എഴുന്നേൽക്കുകയായിരുന്നു. മന്ത്രി വാക്കുകൾ പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം. ഇതോടെ സഭ അര മണിക്കൂർ നിർത്തിവെച്ചു. വീണ്ടും സമ്മേളിച്ചപ്പോഴും ബഹളം തുടർന്നു. ഇതോടെ സഭ വീണ്ടും നിർത്തിവെച്ചു

Share this story