രോഗിയെ പുഴുവരിച്ച സംഭവം: നാളെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഒപി ബഹിഷ്‍കരണം

രോഗിയെ പുഴുവരിച്ച സംഭവം: നാളെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഒപി ബഹിഷ്‍കരണം

തിരുവനന്തപുരം: രോഗിയെ പുഴുവരിച്ച സംഭവത്തിൽ എടുത്ത നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ പ്രവർത്തകരുടെ പ്രതിഷേധം ശക്തമാവുകയാണ്. ഇതിൻറെ ഭാഗമായി നാളെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഒപി ബഹിഷ്‍കരണം നടക്കും. നാളെ എട്ടുമുതല്‍ പത്തുമണിവരെയാണ് ഒപി ബഹിഷ്കരിക്കുക.

രോഗിയെ പുഴുവരിച്ച സംഭവത്തിലെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം. ഇത് നടപ്പിലായില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ അനിശ്ചികാല പണിമുടക്ക് ആരംഭിക്കും. എന്നാൽ കൊവിഡ് വാര്‍ഡ്, അത്യാഹിത വിഭാഗം എന്നിവയെ ബാധിക്കാത്ത രീതിയിൽ ആകും സമരമെന്ന് കെജിഎംസിടിഎ അറിയിച്ചു. കൂടാതെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിർത്തിവയ്ക്കാനും തീരുമാനമായി. ഡോക്ടർമാർക്ക് പിന്നാലെ നഴ്സുമാരും ഇന്ന് റിലേ സമരം ആരംഭിച്ചിരുന്നു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സംഘടനകൾ സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.

അച്ചടക്ക നടപടിക്ക് പുറമെ കൊവിഡ് ഡ്യൂട്ടി ഓഫ് റദ്ദാക്കിയതുമാണ് സമരത്തിന് കാരണം. .10 ദിവസം കൊവിഡ് ഡ്യൂട്ടി എടുത്താൽ 7 ദിവസം അവധി എന്ന ആനുകൂല്യമാണ് ഇപ്പോൾ റദ്ദാക്കിയത്. ഇതാണ് ഇപ്പോൾ സമരക്കാരെ വീണ്ടും ചൊടിപ്പിച്ചത്.രോഗിയെ പുഴുവരിച്ച സംഭവത്തിൽ യഥാർത്ഥ സാഹചര്യങ്ങളെപ്പറ്റി അന്വേഷിക്കാതെയാണ് നടപടി എടുത്തതെന്നാണ് കെജിഎംസിടിഎയുടെ നിലപാട്. എല്ലാ മെഡിക്കൽ കോളജിലെയും കൊവിഡ് നോഡൽ ഓഫീസർമാർ ഇന്നലെ കൂട്ട രാജിവെച്ചിരുന്നു. മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ കൊവിഡ് നോഡൽ ഓഫീസറെയും രണ്ട് ഹെഡ് നഴ്‌സുമാരെയും വെള്ളിയാഴ്ചയാണ് ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്തത്.

Share this story