യുഡിഎഫിന് പുറത്ത് പോയവരെയെല്ലാം തിരികെ കൊണ്ടുവരണം, അതിനുളള ശ്രമം നടത്താന്‍ എല്ലാവരും തയ്യാറാവണം; കെ മുരളീധരന്‍

യുഡിഎഫിന് പുറത്ത് പോയവരെയെല്ലാം തിരികെ കൊണ്ടുവരണം, അതിനുളള ശ്രമം നടത്താന്‍ എല്ലാവരും തയ്യാറാവണം; കെ മുരളീധരന്‍

കോഴിക്കോട്: യു.ഡി.എഫിന് പുറത്ത് പോയവരെയെല്ലാം തിരികെ കൊണ്ടുവരണമെന്നും അതിനുളള ശ്രമം നടത്താന്‍ എല്ലാവരും തയ്യാറാവണമെന്നും കെ. മുരളീധരന്‍. എന്‍.സി.പിക്ക് യു.ഡി.എഫിലേക്ക് വരാന്‍ ഒരു തടസ്സവുമില്ല. അവരില്‍ പലരും ഇടതു മനസ്സുമായി ഒത്തുപോവാന്‍ ബുദ്ധിമുട്ടുന്നവരാണ്. എല്ലാവരേയും സ്വാഗതം ചെയ്യുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം യു.ഡി.എഫ് വിട്ട സംഭവം നടക്കാന്‍ പാടില്ലാത്തതായിരുന്നെന്നും രണ്ട് പേരും ചില്ലറ വിട്ടുവീഴ്ചകള്‍ നടത്തേണ്ടതായിരുന്നുവെന്നും കെ.മുരളീധരന്‍ എം.പി. കേവലം ജില്ലാ പഞ്ചായത്ത് സീറ്റിന്റെ പേരിലാണ് മുന്നണിക്ക് പുറത്തുപോയത്. കൂടുതല്‍ കക്ഷികള്‍ മുന്നണി വിട്ടുപോയാല്‍ പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

കെ.എം മാണിയും ആര്‍ ബാലകൃഷ്ണപ്പിള്ളയും വീരേന്ദ്രകുമാറും എല്ലാം ചേര്‍ന്നതായിരുന്നു പ്രബലമായ യു.ഡി.എഫ് മുന്നണി. അവരില്‍ ചിലര്‍ ഇന്നില്ലെങ്കിലും പിന്‍മുറക്കാര്‍ എല്‍.ഡി.എഫിനൊപ്പമാണ്. പലപ്പോഴും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കമ്യൂണിക്കേഷന്‍ ഗ്യാപ്പ് ഉണ്ടാവുന്നുവെന്നും ചര്‍ച്ചചെയ്താല്‍ തീരുന്ന പ്രശ്‌നമേ അവര്‍ക്കെല്ലാം ഉണ്ടായിരുന്നുള്ളൂവെന്നുമാണ് തനിക്ക് തോന്നുന്നത്. അധികാരം നിലനിര്‍ത്താന്‍ എന്ത് വൃത്തികെട്ട കളിയും കളിക്കുന്നവരാണ് എല്‍.ഡി.എഫ്. മാണിസാറിനെ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ പോലും അനുവദിക്കാത്തവരായിരുന്നു അവരെന്ന് ഓര്‍ക്കണമെന്നും മുരളീധരന്‍ വ്യക്തമാക്കി.

Share this story