കൊവിഡ് പ്രതിരോധം കുത്തഴിഞ്ഞു, കളമശ്ശേരി സംഭവം ഇതിന് ഉദാഹരണമെന്ന് രമേശ് ചെന്നിത്തല

കൊവിഡ് പ്രതിരോധം കുത്തഴിഞ്ഞു, കളമശ്ശേരി സംഭവം ഇതിന് ഉദാഹരണമെന്ന് രമേശ് ചെന്നിത്തല

കളമശ്ശേരി മെഡിക്കൽ കൊവിഡ് രോഗി മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം കുത്തഴിഞ്ഞു കിടക്കുന്നതിന്റെ വ്യക്തമായ തെളിവാണ് കളമശ്ശേരിയിൽ അനാസ്ഥ മൂലം കൊവിഡ് രോഗി മരിച്ചതെന്ന് ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് വഴിയാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.

കുറിപ്പിന്റെ പൂര്‍ണരൂപം

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എത്രമാത്രം കുത്തഴിഞ്ഞു കിടക്കുകയാണ് എന്നതിന്റെ വ്യക്തമായ തെളിവാണ് കളമശ്ശേരി മെഡിക്കൽ കോളേജ് അധികൃതരുടെ അനാസ്ഥമൂലമുണ്ടായ ഫോർട്ട്‌ കൊച്ചി സ്വദേശി സി.കെ ഹാരിസിന്റെ മരണം. ഈ വിവരം പുറത്തറിയാൻ ഇടയാക്കിയ നഴ്സിംഗ് ഓഫീസറെ സസ്പെൻഡ് ചെയ്തു നിശബ്ദരാക്കാനാണ് ആരോഗ്യ വകുപ്പ് ആദ്യം ശ്രമിച്ചത്. എന്നാൽ ഇതേ ആരോപണങ്ങളുമായി കളമശ്ശേരി മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറായ നജ്മ സലിം മുന്നോട്ട് വന്നപ്പോൾ സർക്കാരിന്റെ കാപട്യം പൊതുസമൂഹത്തിനു ബോധ്യമായിരിക്കുകയാണ്. രോഗികൾക്ക് ഓക്സിജൻ കിട്ടാത്ത സാഹചര്യം താൻ നേരിൽ കണ്ടിട്ടുണ്ട് എന്ന ഗുരുതരമായ വെളിപ്പെടുത്തലും ഡോ.നജ്മ നടത്തിയിട്ടുണ്ട്.
മാധ്യമങ്ങൾക്ക് മുന്നിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ അവതരിപ്പിച്ച് ആരോഗ്യ വകുപ്പിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഡോ. നജ്മ ഉൾപ്പെടെയുള്ളവർ നടത്തുന്നത് എന്നാണ് ആരോഗ്യമന്ത്രി ഇതേപ്പറ്റി പറഞ്ഞിരിക്കുന്നത്. എന്നാൽ മാധ്യമങ്ങളെ കാണുന്നതിന് മുൻപ് ഡോ. നജ്മ സുപ്രണ്ടിനും, ആർ.എം.ഒയ്ക്കും പരാതി നൽകിയിരുന്നു. ഇതാണ് വസ്തുത എന്നിരിക്കെ ആരോഗ്യമന്ത്രിയുടെ പ്രസ്താവന തീർത്തും അപകീർത്തികരവും, അപഹാസ്യവുമാണ്.
മഞ്ചേരിയിലെ ഇരട്ടകുട്ടികളുടെ മരണമുൾപ്പെടെയുള്ള വിഷയങ്ങളിൽ നടത്തിയത് പോലെ അന്വേഷണം പ്രഹസനം മാത്രമാക്കി കുറ്റക്കാർക്ക് രക്ഷപ്പെടാൻ സർക്കാർ ഒത്താശ ചെയ്യരുത്. ജീവന്റെ വിലയുള്ള ജാഗ്രതയെന്നത് ആരോഗ്യവകുപ്പിന് കൂടി ബാധകമാണ്. കൂടെയിരിക്കാൻ ബന്ധുക്കൾ പോലുമില്ലാതെ കോവിഡ് വാർഡുകളിൽ കഴിയുന്ന മനുഷ്യരുടെ സുരക്ഷ ഉറപ്പാക്കാനുള്ള മൗലികമായ ബാധ്യത ഭരണകൂടത്തിനുണ്ട്.
സമഗ്രവും, സത്യസന്ധവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളാൻ സർക്കാർ തയ്യാറാകണം.

Share this story