എം ശിവശങ്കര്‍ അറസ്റ്റില്‍

എം ശിവശങ്കര്‍ അറസ്റ്റില്‍

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കർ അറസ്റ്റിൽ. ഏഴ് മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനുശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആണ് ശിവശങ്കറെ അറസ്റ്റുചെയ്തത്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ശിവശങ്കർ അറസ്റ്റിലായിട്ടുള്ളത്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിച്ചതിൽ ശിവശങ്കറിന് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇ.ഡി അറസ്റ്റിലേക്ക് നീങ്ങിയത്.

30 ലക്ഷം ഒളിപ്പിക്കാൻ സ്വപ്ന സുരേഷിനെ ശിവശങ്കർ സഹായിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയാണ് ശിവശങ്കറിനെതിരെ നിർണായകമായത്. വ്യാഴാഴ്ച അദ്ദേഹത്തെ എറണാകുളത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും.

ശിവശങ്കറിന്റെ മുൻകൂർജാമ്യാപേക്ഷ രാവിലെ ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലൊണ് ഇ.ഡി അധികൃതർ തിരുവനന്തപുരത്തെ ആയുർവേദ ആശുപത്രിയിലെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൊച്ചിയിലെത്തിച്ച് ഏഴ് മണിക്കൂർ ചോദ്യംചെയ്ത ശേഷമാണ് രാത്രി വൈകി അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റംസും ബുധനാഴ്ച അദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു.

നേരത്തെ ഇ.ഡിയുടെ സ്പെഷ്യൽ ഡയറക്ടർ സുശീൽ കുമാർ ചെന്നൈയിൽനിന്ന് കൊച്ചിയിലെത്തി അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതിയിലെ എൻഫോഴ്സ്മെന്റിന്റെ സ്റ്റാൻഡിങ് കോൺസലിനെ ഇ.ഡി വിളിച്ചുവരുത്തി നിയമവശങ്ങൾ ചർച്ച ചെയ്യുകയുമുണ്ടായി.

Share this story