എം. ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി

എം. ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ എം ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. എം ശിവശങ്കറിനെ ജയിലില്‍ ചോദ്യം ചെയ്യണമെന്നായിരുന്നു കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കാക്കനാട് ജില്ലാ ജയിലില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി നല്‍കി. വരുന്ന പതിനാറാം തിയതി രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ആണ് അനുമതി നല്‍കിയിരിക്കുന്നത്.

ചില ഉപാധികളും കോടതി മുന്നോട്ട് വച്ചിട്ടുണ്ട്. വക്കീലിനെ സാന്നിധ്യത്തില്‍ മാത്രമേ ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ പാടുള്ളൂ. മാത്രമല്ല ഓരോ രണ്ട് മണിക്കൂര്‍ കൂടുമ്പോഴും 30 മിനിറ്റ് ഇടവേള നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം, മാധ്യമ വാര്‍ത്തകള്‍ക്കെതിരെ സ്വപ്ന സുരേഷ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കസ്റ്റംസ് എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചു. മാധ്യമങ്ങളെ തടയണമെന്ന് പ്രതിക്ക് അവകാശപ്പെടാനാവില്ലെന്ന് കസ്റ്റംസ് പറഞ്ഞു. മാധ്യമ സ്വാതന്ത്യമുള്ള രാജ്യമാണിതെന്നും മാധ്യമങ്ങള്‍ അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി.

Share this story