ആരും കണക്ക് ചോദിക്കേണ്ടെന്ന് തോമസ് ഐസക് എകെജി സെന്ററിൽ പോയി പറഞ്ഞാൽ മതിയെന്ന് ചെന്നിത്തല

ആരും കണക്ക് ചോദിക്കേണ്ടെന്ന് തോമസ് ഐസക് എകെജി സെന്ററിൽ പോയി പറഞ്ഞാൽ മതിയെന്ന് ചെന്നിത്തല

കിഫ്ബിയെ തകർക്കാൻ സിഎജി ശ്രമിച്ചെന്ന ധനമന്ത്രി തോമസ് ഐസകിന്റെ ആരോപണത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി മൂടി വെക്കാൻ സിഎജി പോലൊരു ഭരണഘടനാ സ്ഥാപനത്തെ അപമാനിക്കുന്നു. ആരും കണക്ക് ചോദിക്കേണ്ടെന്ന് തോമസ് ഐസക് എ കെ ജി സെന്ററിൽ പോയി പറഞ്ഞാൽ മതിയെന്നും ചെന്നിത്തല പറഞ്ഞു.

അടുത്ത കാലത്ത് ഒരു റിപ്പോർട്ടും നിയമസഭയിൽ വെച്ചിട്ടില്ല. ഗുരുതരമായ ചട്ടലംഘനമാണ് നടത്തിയത്. രാജ്യത്തെ നിയമം ബാധകല്ലെന്ന രീതിയിലാണ് മന്ത്രിസഭ പ്രവർത്തിക്കുന്നത്. നിയമസഭയിൽ വെക്കാത്ത റിപ്പോർട്ട് ഇങ്ങനെ പുറത്തുവിടാൻ പറ്റില്ല

രഹസ്യമായി സൂക്ഷിക്കേണ്ട റിപ്പോർട്ടിന്റെ കരട് പുറത്തുവിട്ടതിലൂടെ ധനമന്ത്രി നിയമസഭയുടെ അവകാശം ലംഘിച്ചു. ഇതിനെതിരെ പ്രതിപക്ഷം നോട്ടീസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബിയിൽ നടന്ന അഴിമതി പുറത്തുവന്നതിലെ ജാള്യത കൊണ്ടാണ് ധനമന്ത്രിക്ക് ഹാലിളകിയത്. ഈ സർക്കാരിന് ഓഡിറ്റിനെ ഭയമാണ്. കിഫ്ബിയിലേക്കുള്ള വരവും ചെലവും മന്ത്രിസഭയും സർക്കാരും അറിയില്ല.

അഴിമതി മുഴുവൻ കണ്ടെത്തും. എല്ലാത്തിനും എണ്ണിയെണ്ണി മറുപടി പറയിക്കും. ഇഡിക്ക് എതിരായ സമരത്തിൽ നിന്ന് പിൻമാറിയത് ഭീരുത്വം കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.

Share this story