വാട്‌സാപ്പിലേക്ക് മെസേജ് അയച്ച് തുടക്കം, ഡോക്ടർമാരോട് പറഞ്ഞിട്ടും നടപടിയില്ല; മലബാർ ആശുപത്രിയിലെ പീഡനശ്രമത്തെ കുറിച്ച് പരാതിക്കാരി

വാട്‌സാപ്പിലേക്ക് മെസേജ് അയച്ച് തുടക്കം, ഡോക്ടർമാരോട് പറഞ്ഞിട്ടും നടപടിയില്ല; മലബാർ ആശുപത്രിയിലെ പീഡനശ്രമത്തെ കുറിച്ച് പരാതിക്കാരി

കോഴിക്കോട് ഉള്ള്യേരിയിൽ കൊവിഡ് രോഗിയായ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥയും വെളിപ്പെടുന്നു. ആശുപത്രി രജിസ്റ്ററിൽ നിന്ന് യുവതിയുടെ നമ്പർ എടുത്ത് വാട്‌സാപ്പ് മെസേജ് അയച്ചാണ് ജീവനക്കാരനായ ആശ്വിൻ ശല്യം ആരംഭിച്ചത്. ഇത് ഡോക്ടർമാരെ കാണിച്ചു കൊടുത്തിട്ടും തികഞ്ഞ അലംഭാവമാണ് ഉണ്ടായതെന്ന് പരാതിക്കാരി പറയുന്നു. ഇതിന് ശേഷമായിരുന്നു പീഡനശ്രമം നടന്നത്.

തൃപ്തയാണോ എന്ന് ചോദിച്ചാണ് വാട്‌സാപ്പിലേക്ക് ആദ്യം സന്ദേശം വന്നത്. ആരാണെന്ന് ചോദിച്ചപ്പോൾ മുറി മാറ്റിക്കിട്ടാൻ നിങ്ങളെ സഹായിച്ച ആളാണെന്ന് മറുപടി. സഹായത്തിന് താങ്ക്‌സ് പറഞ്ഞപ്പോൾ താങ്ക്‌സ് മാത്രമേയുള്ളോ എന്നായി ചോദ്യം. ഇതോടെ രീതി വ്യക്തമായതോടെ ഫോണുമായി ഡോക്ടർമാരുടെ പക്കൽ എത്തി ഇയാൾ അയച്ച മെസേജുകൾ ലൈവായി തന്നെ കാണിച്ചു കൊടുത്തു. എന്നാൽ പിന്നീട് നോക്കാമെന്നായിരുന്നു ഡോക്ടർമാരുടെ മറുപടി

രാത്രി പതിനൊന്നരയോടെ പിപിഇ കിറ്റ് ധരിച്ച ഒരാൾ വന്ന് യുവതിയെ ഡോക്ടർമാർ വിളിക്കുന്നുവെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. നേരത്തെ നൽകിയ പരാതി പരിഹരിക്കാനാകുമെന്ന് കരുതിയാണ് യുവതി പോയത്. ലിഫ്റ്റിൽ കയറി നാലാം നിലയിലേക്കാണ് ഇയാൾ പ്രസ് ചെയ്തത്. അത് എന്താണെന്ന് ചോദിച്ചപ്പോൾ ഡോക്ടർമാർ രാത്രി അവിടെയാണുള്ളതെന്ന് പറഞ്ഞു. നാലാം നിലയിലെത്തിയപ്പോഴാണ് അവിടെ ഉപയോഗശൂന്യമാണെന്ന് മനസ്സിലായത്. ഇവിടം മുഴുവൻ ഇരുട്ടായിരുന്നു. അപ്പോഴേക്കും പിപിഇ കിറ്റ് ധരിച്ചയാൾ തന്നെ ബലമായി ലിഫ്റ്റിൽ നിന്ന് പുറത്തിറക്കിയെന്നും യുവതി പറയുന്നു

കുറച്ച് സംസാരിക്കാനുണ്ടെന്നും നാണം കെടുത്തരുതെന്നും അയാൾ പറഞ്ഞു. അപ്പോഴാണ് പരാതി നൽകിയ അശ്വിൻ തന്നെയാണ് ഒപ്പമുള്ളതെന്ന് യുവതിക്ക് മനസ്സിലായത്. ഇതോടെ ഇയാളെ തട്ടിമാറ്റി ലിഫ്റ്റിൽ കയറി താഴെ എത്തുകയും മറ്റ് രോഗികളോട് വിവരം പറയുകയുമായിരുന്നു. ഇതിന് ശേഷം രോഗികളെല്ലാവരും ഒച്ചയെടുത്തപ്പോഴാണ് ആശുപത്രി അധികൃതർ യുവതിയുടെ പരാതി കേൾക്കാൻ പോലും തയ്യാറായത്. തുടർന്ന് യുവതി പോലീസുമായി ബന്ധപ്പെടുകയായിരുന്നു. വാട്‌സാപ്പിൽ മെസേജ് വന്ന സമയത്ത് തന്നെ ഡോക്ടർമാരോട് വിവരം പറഞ്ഞതാണ്. അപ്പോൾ തന്നെ അവർ നടപടി എടുത്തിരുന്നുവെങ്കിൽ പീഡന ശ്രമം നടക്കില്ലായിരുന്നുവെന്നും യുവതി പറയുന്നു. സംഭവത്തിൽ ആശുപത്രി അധികൃതരുടെ കടുത്ത അനാസ്ഥയാണ് വ്യക്തമാകുന്നത്.

Share this story