പരാതിയിലും വിശദീകരണത്തിലും കഴമ്പുണ്ട്; കേരളാ ചരിത്രത്തിൽ ആദ്യമായി മന്ത്രിക്കെതിരെ നടപടിയുമായി സ്പീക്കർ

പരാതിയിലും വിശദീകരണത്തിലും കഴമ്പുണ്ട്; കേരളാ ചരിത്രത്തിൽ ആദ്യമായി മന്ത്രിക്കെതിരെ നടപടിയുമായി സ്പീക്കർ

ധനമന്ത്രി തോമസ് ഐസക് അവകാശലംഘനം നടത്തിയെന്ന പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടത് വിഷയത്തിന്റെ രണ്ട് വശവും പറയുന്നത് കേൾക്കാനെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. വിഡി സതീശൻ നൽകിയ പരാതിയിലും തോമസ് ഐസക് നൽകിയ വിശദീകരണത്തിലും കഴമ്പുണ്ട്. ഇതിനാലാണ് തുടർ നടപടികൾക്ക് എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറിയത്.

അതേസമയം കടുത്ത ശിക്ഷാനടപടികളൊന്നും സ്വീകരിക്കാൻ നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് അധികാരമില്ല. ചട്ടലംഘനം നടത്തുന്ന അംഗങ്ങൾക്ക് താക്കീത് നൽകാനോ മുന്നറിയിപ്പ് കൊടുക്കാനോ മാത്രമേ സാധിക്കുകയുള്ളു.

ചെന്നിത്തലക്കെതിരായ അന്വേഷണത്തിന് അനുമതി നൽകിയതിൽ തനിക്കെതിരെ വിമർശനം സ്വാഭാവികമാണ്. ഇഷ്ടമില്ലാത്ത നടപടികളുണ്ടാകുമ്പോൾ വിമർശനങ്ങളുണ്ടാകും. വിഡി സതീശൻ, അൻവർ സാദത്ത് എന്നിവർക്കെതിരായ വിജിലൻസ് അന്വേഷണത്തിനുള്ള അപേക്ഷയിൽ കുറച്ചുകൂടി പരിശോധന ആവശ്യമാണ്.

അതേസമയം ചരിത്രത്തിൽ ആദ്യമായാണ് മന്ത്രിക്കെതിരായ ഒരു പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിടുന്നത്. ഇതുവഴി വിഷയം കൂടുതൽ ചർച്ചയാകാനാണ് സാധ്യത. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ സ്പീക്കറുടെ നടപടി പാർട്ടി അണികളിൽ തന്നെ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.

Share this story