യുഡിഎഫും ബിജെപിയും നടത്തിയ കള്ളപ്രചരണങ്ങളെ ജനം തള്ളിക്കളഞ്ഞെന്ന് ഡിവൈഎഫ്‌ഐ

യുഡിഎഫും ബിജെപിയും നടത്തിയ കള്ളപ്രചരണങ്ങളെ ജനം തള്ളിക്കളഞ്ഞെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ അത്യുജ്ജല വിജയം ജനങ്ങളുടെ വിജയമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു. യുഡിഎഫും ബിജെപിയും നടത്തിയ കള്ളപ്രചരണങ്ങളെ ജനം തള്ളിക്കളഞ്ഞു. എല്‍ഡിഎഫ് നയങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണിത്. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ നിന്ന് ഇടതുപക്ഷത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ല എന്ന് ഈ ഫലം തെളിയിച്ചിരിക്കുകയാണെന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചു.

കേന്ദ്ര ഏജന്‍സികളുടെ പ്രചരണങ്ങളെല്ലാം ദുരുദ്ദേശത്തോടെയാണെന്ന് ജനം തിരിച്ചറിഞ്ഞു. നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും പ്രാധാന്യം നല്‍കുന്ന എല്‍ഡിഎഫിനെ ജനങ്ങള്‍ ഏറ്റെടുത്തു. സംസ്ഥാന സര്‍ക്കാര്‍ നാലര വര്‍ഷത്തിനകം നടപ്പാക്കിയ വികസന- ക്ഷേമ പരിപാടികള്‍ ജനങ്ങളുടെ അനുഭവമായിരുന്നു. പാവപ്പെട്ടവരുടെ, സാധാരണക്കാരുടെ അടിസ്ഥാനാവശ്യങ്ങളെല്ലാം പരിഹരിക്കാന്‍ കഴിയുന്ന പരിപാടികളാണ് എല്‍ഡിഎഫ് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഈ ജനപക്ഷ രാഷ്ട്രീയ നിലപാടുകള്‍ക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണ് ഈ ജയം.

അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് വിവാദങ്ങളുണ്ടാക്കാന്‍ മാത്രമാണ് യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടായി ശ്രമിച്ചത്. സര്‍ക്കാരിന്റെ ജനക്ഷേമ – വികസന പരിപാടികള്‍ക്കെതിരെ ഒന്നും പറയാനില്ലാതെ, സമീപകാല കേരള രാഷ്ട്രീയത്തിലെ ഏറ്റവും തരംതാണ കളികള്‍ക്കാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസും ബിജെപിയും നേതൃത്വം നല്‍കിയത്. വികസനപദ്ധതികളെ പോലും തകര്‍ക്കാന്‍ ശ്രമിച്ചു.

Share this story