സംസ്ഥാനത്തെ 13 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു

സംസ്ഥാനത്തെ 13 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു

സംസ്ഥാനത്തെ പതിമൂന്ന് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.

കോട്ടയം പെരുന്ന അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (സ്‌കോർ 94.34), മലപ്പുറം മൊറയൂർ കുടുംബാരോഗ്യ കേന്ദ്രം (92.73), കോഴിക്കോട് മേപ്പയൂർ കുടുംബാരോഗ്യ കേന്ദ്രം (92.16), കണ്ണൂർ എരമംകുറ്റൂർ കുടുംബാരോഗ്യ കേന്ദ്രം (92.6), കണ്ണൂർ കല്ല്യാശേരി കുടുംബാരോഗ്യ കേന്ദ്രം (91.8) എന്നീ കേന്ദ്രങ്ങൾക്കാണ് ഇപ്പോൾ ദേശീയ ഗുണനിലവാര അംഗീകാരമായ എൻ.ക്യൂ.എ.എസ്. ബഹുമതി ലഭിച്ചത്. ഇതുകൂടാതെ തൃശൂർ വേലൂർ കുടുംബാരോഗ്യ കേന്ദ്രം (95), കണ്ണൂർ ചെറുകുന്നുത്തറ (88), കണ്ണൂർ ആറളം ഫാം കുടുംബാരോഗ്യ കേന്ദ്രം (84), കണ്ണൂർ ഉദയഗിരി പ്രാഥമികാരോഗ്യ കേന്ദ്രം (94), പത്തനംതിട്ട ചെന്നീർകര കുടുംബാരോഗ്യ കേന്ദ്രം (87.5), തിരുവനന്തപുരം കരകുളം കുടുംബാരോഗ്യ കേന്ദ്രം (90), കണ്ണൂർ പുളിങ്കോം പ്രാഥമികാരോഗ്യ കേന്ദ്രം (90), എറണാകുളം മനീട് പ്രാഥമികാരോഗ്യ കേന്ദ്രം (95) എന്നീ കേന്ദ്രങ്ങൾക്കാണ് പുതുതായി എൻ.ക്യു.എ.എസ്. ബഹുമതി ലഭിച്ചത്.

ഇതോടെ 85 സ്ഥാപനങ്ങൾക്കാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയെടുക്കാനായത്. 3 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 5 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 7 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 66 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്

Share this story