ഐ.എഫ്.എഫ്.കെ ഫെബ്രുവരി 10 മുതൽ; നാല് ജില്ലകളിലായി വേദികൾ

ഐ.എഫ്.എഫ്.കെ ഫെബ്രുവരി 10 മുതൽ; നാല് ജില്ലകളിലായി വേദികൾ

25ാമത് കേരളാ രാജ്യാന്തര ചലചിത്ര മേള ഫെബ്രുവരി 10 മുതൽ നടത്താൻ തീരുമാനം. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലായാണ് ചലചിത്ര മേള നടത്തുന്നത്. മേളയിൽ പങ്കെടുക്കുന്ന ഡെലിഗേറ്റുകൾക്കുള്ള ഫീസ് 750 രൂപയായി കുറച്ചു. ഇവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്

ഡിസംബർ മാസത്തിൽ നടത്താറുള്ള ചലചിത്രമേള കൊവിഡ് സാഹചര്യത്തെ തുടർന്നാണ് ഫെബ്രുവരിയിലേക്ക് മാറ്റുന്നത്. കേരളത്തിന്റെ അഭിമാനമായ ഒരു സാംസ്‌കാരിക പരിപാടി പൂർണമായും ഒഴിവാക്കുന്നത് ഉചിതമല്ലെന്ന് തോന്നിയതിനാൽ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ഫെബ്രുവരിയിൽ നടത്താൻ തീരുമാനിച്ചതായി മന്ത്രി എ കെ ബാലൻ പറഞ്ഞു

സാധാരണ തിരുവനന്തപുരമാണ് ചലചിത്രമേളക്ക് വേദിയാകാറുണ്ടായിരുന്നത്. കൊവിഡിനെ തുടർന്നാണ് നാല് മേഖലകളിലായി മേള മാറ്റിയത്. തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതൽ 14 വരെയും എറണാകുളത്ത് ഫെബ്രുവരി 17 മുതൽ 21 വരെയും തലശ്ശേരിയിൽ ഫെബ്രുവരി 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് 1 മുതൽ 5 വരെയുമാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

ഓരോ മേഖലയിലും അഞ്ച് തീയറ്ററുകളിലാണ് സിനിമ പ്രദർശിപ്പിക്കുക. 200 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. മേളുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാടും നടത്തും.

Share this story