ലീഗ്-വെൽഫെയർ ബന്ധം: കേരളത്തിലെ കോൺഗ്രസ് വലിയ ആശയക്കുഴപ്പത്തിലെന്ന് എ വിജയരാഘവൻ

ലീഗ്-വെൽഫെയർ ബന്ധം: കേരളത്തിലെ കോൺഗ്രസ് വലിയ ആശയക്കുഴപ്പത്തിലെന്ന് എ വിജയരാഘവൻ

കേരളത്തിലെ കോൺഗ്രസ് വലിയ ആശയക്കുഴപ്പത്തിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കെപിസിസി അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിന്റെയും പ്രസ്താവനയിൽ നിന്ന് അതാണ് മനസ്സിലാകുന്നത്. വെൽഫെയർ ബന്ധം തുടരില്ലെന്നാണ് കെപിസിസി അധ്യക്ഷൻ ഇന്നലെ വ്യക്തമാക്കിയത്. ആനയും അംബാരിയുമായി അമീറിനെ കാണാൻ പോയത് തിരിച്ചടിയായെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു

എന്നാൽ പ്രതിപക്ഷനേതാവ് ഇന്ന് പത്രസമ്മേളനം നടത്തിയപ്പോൾ പൂർണമായും ലീഗിനെ ന്യായീകരിക്കുകയാണ് ചെയ്തത്. ലീഗും വെൽഫെയർ പാർട്ടിയും തമ്മിലുള്ള ബന്ധം തുടരുമെന്നാണ് ലീഗ് പറയുന്നത്. കോൺഗ്രസിന്റെ പൊതു നയങ്ങൾക്ക് എതിരായ രാഷ്ട്രീയ നിലപാടാണത്. ലീഗ് ആ നിലപാടിൽ തുടരുമ്പോൾ അതിനോടുള്ള കോൺഗ്രസ് നിലപാട് കേരളീയ സമൂഹത്തിന് മുന്നിൽ വ്യക്തമാക്കണം

പരസ്പര വിരുദ്ധമായി കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംസാരിച്ച് പ്രധാനപ്പെട്ട രാഷ്ട്രീയ വിഷയത്തിൽ ജനങ്ങളെ കബളിപ്പിക്കുന്ന പ്രസ്താവനകൾ നടത്തരുത്. ജനങ്ങളുടെ മുന്നിൽ നിലപാട് വ്യക്തമാക്കാൻ സാധിക്കാത്ത ആശയക്കുഴപ്പത്തിൽ കോൺഗ്രസ് നേതൃത്വം ചെന്ന് ചാടിയെന്നാണ് വ്യക്തമാകുന്നത്.

ബിജെപിക്കെതിരായ പൊതുമുന്നേറ്റത്തിന് തടസ്സമുണ്ടാക്കുന്നതാണ് ന്യൂനപക്ഷ വർഗീയ കൂട്ടായ്മകൾ. അതിനാലാണ് മുഖ്യമന്ത്രി കൃത്യമായും വിമർശിച്ചത്. സമൂഹം വർഗീയമായി ചേരിതിരിക്കപ്പെടാതിരിക്കാനുള്ള രാഷ്ട്രീയ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. എന്നാൽ സ്വന്തം തെറ്റ് തിരുത്താൻ കേരളത്തിലെ കോൺഗ്രസ് തയ്യാറാകുന്നില്ല.

എൻസിപിയുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചർച്ച തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെ തീരുമാനിക്കുവെന്ന് വിജയരാഘവൻ പറഞ്ഞു. എൻസിപി ഇടതുമുന്നണിയുടെ ഭാഗമാണ്. പ്രതിസന്ധി കോൺഗ്രസിലാണ്. അവിടെ ലീഗ് കൂടുതൽ സീറ്റ് ചോദിച്ചു കൊണ്ടിരിക്കുകയാണെന്നും വിജയരാഘവൻ പറഞ്ഞു.

Share this story