76 സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പിസി ജോർജ്; പാലാ സീറ്റിൽ മത്സരിക്കാനും താത്പര്യം

76 സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പിസി ജോർജ്; പാലാ സീറ്റിൽ മത്സരിക്കാനും താത്പര്യം

യുഡിഎഫുമായി ചേർന്ന് പോകാനുള്ള താത്പര്യം മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് പിസി ജോർജ്. യുഡിഎഫ് യോഗത്തിന് ശേഷം അനുകൂല തീരുമാനമുണ്ടായാൽ തന്റെ പാർട്ടി കമ്മിറ്റി ചേർന്ന് അന്തിമ തീരുമാനമെടുക്കും. ചില നിബന്ധനകളുണ്ടെന്നും ഇവ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും പിസി ജോർജ് അറിയിച്ചു

പൂഞ്ഞാർ സീറ്റ് വിട്ടുകൊടുക്കില്ല. ആരുടെയും ഔദാര്യമില്ലാതെ ജനങ്ങൾ തങ്ങൾക്ക് നൽകിയ സീറ്റാണിത്. ആയൊരു സീറ്റിൽ ചർച്ചയില്ല. ബാക്കി സീറ്റുകൾ ഏതൊക്കെയാണെന്നാണ് ചർച്ച. താൻ കൂടി വിജയിപ്പിച്ചയാളാണ് മാണി സി കാപ്പൻ. ഇടതാണോ വലതാണോ എന്ന കാര്യത്തിൽ കാപ്പന് ഇപ്പോഴും തീരുമാനമായിട്ടില്ല.

പൂഞ്ഞാറിൽ നിന്ന് താൻ ജയിച്ച അതേ മാനദണ്ഡത്തിൽ പാലായിലും വിജയിക്കാൻ സാധിക്കും. അതേസമയം കാപ്പൻ യുഡിഎഫിലേക്ക് വരികയാണെങ്കിൽ പാലാക്ക് വേണ്ടി തർക്കം പറയില്ല. പകരം കാഞ്ഞിരപ്പള്ളി സീറ്റ് മതി. കാഞ്ഞിരപ്പള്ളി, പാലാ സീറ്റുകളിൽ ഒരെണ്ണം നിർബന്ധമാണ്.

76 സീറ്റുകളെങ്കിലും നേടി യുഡിഎഫ് അധികാരത്തിലെത്തും. പാലായിൽ ജോസ് വിഭാഗം മത്സരിച്ചാൽ താനും നിന്നോളാം. ജോസ് വിഭാഗത്തിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കാണിച്ചുതരാമെന്നും പി സി ജോർജ് പറഞ്ഞു.

Share this story