മുഖ്യമന്ത്രി അധോലോക നായകനായി മാറരുതെന്ന് പിടി തോമസ്; എന്തും പറയാനുള്ള വേദിയാക്കി സഭയെ മാറ്റരുതെന്ന് പിണറായി

മുഖ്യമന്ത്രി അധോലോക നായകനായി മാറരുതെന്ന് പിടി തോമസ്; എന്തും പറയാനുള്ള വേദിയാക്കി സഭയെ മാറ്റരുതെന്ന് പിണറായി

സ്വർണക്കടത്ത് കേസിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കോൺഗ്രസ് എംഎൽഎ പിടി തോമസ് നടത്തിയ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിലായതും അഡീ. പ്രൈവറ്റ് സെക്രട്ടറി സംശയത്തിന്റെ നിഴലിൽ ആയതും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് പിടി തോമസ് ആവശ്യപ്പെട്ടത്.

സ്വർണക്കടത്തുകാരെ താലോലിക്കുന്ന മുഖ്യമന്ത്രി നിങ്ങളൊരു കമ്മ്യൂണിസ്റ്റാണോയെന്ന് പിടി തോമസ് ചോദിച്ചു. ശിവശങ്കർ വെറുതെ വന്നതല്ല. അദ്ദേഹത്തിന് മുഖ്യമന്ത്രിയുമായുള്ള ബന്ധം ലാവ്‌ലിൻ കാലത്ത് തുടങ്ങിയതാണ്. മുഖ്യമന്ത്രിയുടെ വീട്ടിലെ വിവാഹ തലേന്ന് സ്വപ്‌ന അവിടെ എത്തിയിരുന്നോ എന്ന കാര്യം വ്യക്തമാക്കണം.

ഇഎംഎസ് ആണ് ആദ്യ മുഖ്യമന്ത്രിയെങ്കിൽ ജയിലിൽ കിടന്ന ആദ്യ മുഖ്യമന്ത്രിയെന്ന വിശേഷണമാകും പിണറായിക്ക് ഉണ്ടാകുക. ധൃതരാഷ്ട്രരെ പോലെ പുത്രീ വാത്സല്യത്തിൽ മുഖ്യമന്ത്രി കേരളത്തെ നശിപ്പിക്കരുത്. രണ്ടാം നവോത്ഥാന നായകനായ മുഖ്യമന്ത്രി അധോലോക നായകനായി മാറരുതെന്നുമായിരുന്നു പിടി തോമസിന്റെ പരാമർശങ്ങൾ

എന്നാൽ പിണറായി വിജയനെ പിടി തോമസിന് ഇതുവരെ മനസ്സിലായിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രമേയ അവതാരകനെ നിയന്ത്രിക്കാൻ പ്രതിപക്ഷ നേതാവിന് സാധിക്കുന്നില്ല. അദ്ദേഹം വേറെ ഗ്രൂപ്പായതിനാലാണ് നിയന്ത്രിക്കാൻ കഴിയാത്തത്. എന്തും പറയാനുള്ള വേദിയാക്കി നിയമസഭയെ മാറ്റരുത്. ലാവ്‌ലിൻ കേസിൽ പ്രതിയാക്കാൻ കുറേ ശ്രമിച്ചതല്ലേ. എന്റെ കൈകൾ ശുദ്ധമായതു കൊണ്ടാണ് അത് പറയാനുള്ള ആർജവമുണ്ടാകുന്നതെന്ന് പിണറായി തിരിച്ചടിച്ചു

നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ സംഭവിച്ചപ്പോൾ ശിവശങ്കറിനെതിരെ നടപടി സ്വീകരിച്ചു. സിഎം രവീന്ദ്രനെ ഇതുവരെ ഒരു കേസിലും പ്രതിയാക്കിട്ടില്ല. ശിവശങ്കർ കെഎസ്ഇബി ചെയർമാനായത് ആരുടെ കാലത്താണെന്നും മുഖ്യമന്ത്രി ചോദിച്ചു.

Share this story