എംഡി ഉത്തരവാദിത്വം കാണിക്കണം; ബിജു പ്രഭാകറിനെതിരെ എളമരം കരീം

എംഡി ഉത്തരവാദിത്വം കാണിക്കണം; ബിജു പ്രഭാകറിനെതിരെ എളമരം കരീം

ജീവനക്കാർക്കെതിരെ കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ നടത്തിയ പരാമർശത്തിൽ വിമർശനവുമായി സിഐടിയു നേതാവ് എളമരം കരീം. കെഎസ്ആർടിസിയിലെ ഇന്നത്തെ പ്രശ്‌നങ്ങൾക്ക് കാരണം തൊഴിലാളികളാണെന്ന് പറയുന്നത് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് എളമരം കരീം പറഞ്ഞു

തൊഴിലാളികൾ ആത്മാർഥതയോടെ ജോലി ചെയ്യുന്നവരാണ്. തൊഴിലാളികളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടത് മാനേജ്‌മെന്റാണ്. അവരെ ജോലി ചെയ്യിക്കേണ്ടത് മാനേജ്‌മെന്റാണ്. ഉത്തരവാദിത്വം നിർവഹിക്കാതെ മാനേജ്‌മെന്റ് തൊഴിലാളികളെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും എളമരം കരീം പറഞ്ഞു.

ജീവനക്കാർ പലവിധത്തിലും തട്ടിപ്പ് നടത്തി കെഎസ്ആർടിസിയെ നഷ്ടത്തിലാക്കുകയാണെന്നായിരുന്നു ബിജു പ്രഭാകറിന്റെ വാക്കുകൾ. അടിമുടി അഴിച്ചുപണി ആവശ്യമാണ്. എല്ലാ മേഖലകളിലും വ്യാപകമായ അഴിമതിയും ക്രമക്കേടും കണ്ടെത്തി. ടിക്കറ്റ് മെഷീനിൽ ഉൾപ്പെടെ കൃത്രിമം കാട്ടി വൻ തുക കൊള്ളയടിക്കുന്നതായി കണ്ടെത്തിയെന്നും എംഡി പറഞ്ഞിരുന്നു.

പഴയ ടിക്കറ്റ് നൽകി കണ്ടക്ടർമാർ പണം തട്ടുന്നതായി ശ്രദ്ധയിൽപ്പെട്ടു. വർക്ക് ഷോപ്പിലെ ലോക്കൽ പർച്ചേസിലും സാമഗ്രികൾ വാങ്ങുന്നതിലും കമ്മീഷൻ പറ്റുന്നു. ഡീസൽ വെട്ടിപ്പ് തുടരാനാണ് ജീവനക്കാർ സിഎൻജിയെ എതിർക്കുന്നതെന്നും ബിജു പ്രഭാകർ പറഞ്ഞിരുന്നു.

Share this story