ആറ്റുകാല്‍ പൊങ്കാല ക്ഷേത്ര കോമ്പൗണ്ടില്‍ മാത്രം; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

ആറ്റുകാല്‍ പൊങ്കാല ക്ഷേത്ര കോമ്പൗണ്ടില്‍ മാത്രം; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്താന്‍ തീരുമാനം. കോവിഡ് പശ്ചാത്തലത്തില്‍ പൊങ്കാല നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കണമെന്ന ക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യപ്രകാരം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗം ചേര്‍ന്ന് തീരുമാനമെടുത്തത്.

ക്ഷേത്ര കോമ്പൗണ്ടിനുള്ളില്‍ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തും. ശബരിമല മാതൃകയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെയായിരിക്കും ക്ഷേത്ര കോമ്പൗണ്ടിലേക്കുള്ള പ്രവേശനം. പരമാവധി എത്ര പേരെ പ്രവേശിപ്പിക്കാം എന്നത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും. പൊതുനിരത്തുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ പൊങ്കാലയിടാന്‍ അനുവദിക്കേണ്ടതില്ലന്നും തീരുമാനിച്ചു. ആള്‍ക്കാര്‍ക്ക് അവരവരുടെ സ്വന്തം വീടുകളില്‍ പൊങ്കാലയിടാം.

ക്ഷേത്രപരിസരത്തെ കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ മാത്രമായിരിക്കും ഇത്തവണ ഉത്സവമേഖലയായി പ്രഖ്യാപിക്കുക. ചടങ്ങുകള്‍ ആചാരപരമായി ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കി നടത്താനും തീരുമാനിച്ചു.

Share this story