കാത്തിരിപ്പിന് ഇന്ന് വിരാമം; ആലപ്പുഴ ബൈപാസ് ഇന്ന് തുറന്നു കൊടുക്കും

കാത്തിരിപ്പിന് ഇന്ന് വിരാമം; ആലപ്പുഴ ബൈപാസ് ഇന്ന് തുറന്നു കൊടുക്കും

42 വർഷത്തെ കാത്തിരിപ്പിന് ശേഷം ആലപ്പുഴ ബൈപാസ് ഇന്ന് തുറന്നു കൊടുക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ബൈപാസിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്. ബൈപാസ് തുറക്കുന്നതോടെ ആലപ്പുഴ നഗരത്തിലൂടെയുള്ള ഗതാഗത കുരുക്കിനും പരിഹാരമാകും

1969ൽ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ടി കെ ദിവാകരനാണ് ബൈപാസ് എന്ന ആശയം മുന്നോട്ടുവെച്ചത്. 1990ലാണ് നിർമാണോദ്ഘാടനം നടന്നത്. 2001ൽ ഒന്നാംഘട്ടം പൂർത്തിയായി. 2004ൽ രണ്ടാം ഘട്ട നിർമാണം തുടങ്ങി. സ്ഥലമേറ്റെടുപ്പും റെയിൽവേ മേൽപ്പാലങ്ങളുടെ പേരിലും നിർമാണം പിന്നെയും വൈകി

2006ൽ ബീച്ചിലൂടെ മേൽപ്പാലം എന്ന ആശയം വന്നു. എന്നാൽ റെയിൽവേ മേൽപ്പാലം, ഫ്‌ളൈ ഓവർ എന്നിവയുടെ പേരിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കം തുടർന്നു. 2012ൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരഭമായി ബൈപാസ് പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചു. 2015ൽ 344 കോടി രൂപ ചെലവിൽ പുതിയ എസ്റ്റിമേറ്റിട്ടു.

2016ൽ മേൽപ്പാലത്തിനായി ബീച്ചിനോട് ചേർന്ന് കൂറ്റൻ തുണുകൾ നിർമിച്ചു. 2020 ജൂൺ മാസത്തോടെ റെയിൽവേ മേൽപ്പാലങ്ങൾ പൂർത്തിയാക്കി. പിന്നെ അതിവേഗത്തിൽ ടാറിംഗും നവീകരണ ജോലികളും തീർന്നു. 6.8 കിലോമീറ്ററാണ് ബൈപാസിന്റെ ദൂരം. ഇതിൽ 3.2 കിലോമീറ്റർ ബീച്ചിന് മുകളിലൂടെയുള്ള മേൽപാലമാണ്.

Share this story