കേരളം ഭരിക്കുന്നത് അധോലോക സർക്കാർ; പിണറായിയെ ഇനി കേരളത്തിന് താങ്ങാനാകില്ലെന്ന് ചെന്നിത്തല

കേരളം ഭരിക്കുന്നത് അധോലോക സർക്കാർ; പിണറായിയെ ഇനി കേരളത്തിന് താങ്ങാനാകില്ലെന്ന് ചെന്നിത്തല

കേരളം ഭരിക്കുന്നത് അധോലോക സർക്കാർ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ തട്ടിപ്പുകളുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. കാസർകോട് കുമ്പളയിൽ നിന്നാണ് ചെന്നിത്തല നയിക്കുന്ന യാത്ര ആരംഭിച്ചത്

അധോലോക കൊള്ള സംഘങ്ങൾ പോലും ഇവരുടെ അടുത്ത് വരില്ല. മന്ത്രിമാർക്ക് പോലും കടന്നുചെല്ലാൻ കഴിയാത്ത മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇരുമ്പ് കോട്ടയ്ക്കുള്ളിൽ സ്വപ്‌ന എങ്ങനെയാണ് കടന്നുചെന്നത്. മുഖ്യമന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന് കൊള്ളക്കാർക്ക് ഒത്താശ ചെയ്തു കൊടുത്തത് മറക്കാറായിട്ടില്ല.

കേരളത്തെ മോചിപ്പിക്കാനുള്ള ദൗത്യമാണ് നമുക്കുള്ളത്. 35 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്ന മണ്ണാണിത്. നാല് ലോക്കപ്പ് കൊലപാതകങ്ങൾ. ഏഴ് മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നു. മാർകിസ്റ്റുകാർ അല്ലാത്ത മറ്റാർക്കും നീതി കിട്ടാത്ത ഭരണകാലമായിരുന്നുവിത്.

പിണറായി വിജയൻ എന്ന ഏകാധിപതിയുടെ ഭരണം ഇനി കേരളത്തിന് താങ്ങാൻ സാധിക്കില്ല. ആട്ടിൻതോലിട്ട ചെന്നായ പോലെ നാടുമുഴുവൻ നടന്ന് വർഗീയത പറയുകയാണ് സിപിഎം. ഈ വർഗീയതക്കെതിരെയാണ് യുഡിഎഫിന്റെ പോരാട്ടമെന്നും ചെന്നിത്തല പറഞ്ഞു.

Share this story