ചെത്തുകാരൻ എന്ന് പറഞ്ഞാൽ തെറ്റെന്താണ്; മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപത്തിൽ ന്യായീകരണവുമായി സുധാകരൻ

ചെത്തുകാരൻ എന്ന് പറഞ്ഞാൽ തെറ്റെന്താണ്; മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപത്തിൽ ന്യായീകരണവുമായി സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ ന്യായീകരണവുമായി കോൺഗ്രസിന്റെ നേതാവ് കെ സുധാകരൻ. അധിക്ഷേപ പരാമർശം വിവാദമാകുകയും സ്വന്തം പാർട്ടിയിൽ നിന്നുൾപ്പെടെ തള്ളിപ്പറയലുകളുണ്ടായിട്ടും ഇതിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ് നേതാവായ കെ സുധാകരൻ

ഒരു തൊഴിൽ വിഭാഗത്തെ കുറിച്ച് പറഞ്ഞാൽ അതിലെന്താണ് തെറ്റ്. തൊഴിലാളി വർഗത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ബാധ്യതപ്പെട്ടയാൾ സംസ്ഥാനത്തിന്റെ പൊതുഫണ്ട് ദുർവിനിയോഗം ചെയ്യുന്നു. ഹെലികോപ്റ്ററിൽ യാത്ര ചെയ്യുന്നതിനായി 18 കോടി ചെലവഴിച്ചു. ഇക്കാര്യമാണ് താൻ ഉന്നയിച്ചത്

കുലത്തൊഴിൽ പറഞ്ഞാൽ എന്താണ് കുറ്റം. അതിലെന്താണ് തെറ്റ്. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. സിപിഎം ആരോപിക്കാത്ത കാരണങ്ങൾ കോൺഗ്രസ് പാളയത്ത് നിന്ന് വരുന്നു. മുഖ്യമന്ത്രിക്കെതിരായ പരാമർശം സിപിഎം പ്രശ്‌നമുണ്ടാക്കേണ്ടയിടത്ത് കോൺഗ്രസിലെ നേതാക്കൾ പ്രശ്‌നമുന്നയിക്കുന്നത് എന്തിനാണ്. കെപിസിസി നേതൃത്വം നയം വ്യക്തമാക്കണം

മുഖ്യമന്ത്രിയെ കുറിച്ച് പറയുമ്പോൾ ഷാനിമോൾ ഉസ്മാന് എന്താണ് മാനസിക പ്രയാസമെന്നറിയില്ല. പിണറായി വിജയനെ കുറിച്ച് പറഞ്ഞതിൽ ഒരു സിപിഎം നേതാവ് പോലും പ്രതികരിച്ചിട്ടില്ല. പ്രതികരിക്കേണ്ട കാര്യം അതിലില്ലാ എന്ന് അവർക്കറിയാമെന്നും സുധാകരൻ ന്യായീകരിക്കുന്നു

Share this story