പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചിരിക്കും; അതിനു രാഷ്ട്ര വരമ്പുകള്‍ ഇല്ല: പ്രതികരണവുമായി സലീംകുമാര്‍

പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചിരിക്കും; അതിനു രാഷ്ട്ര വരമ്പുകള്‍ ഇല്ല: പ്രതികരണവുമായി സലീംകുമാര്‍

കര്‍ഷക സമരത്തെക്കുറിച്ചു വിദേശീയർ അഭിപ്രായം പറഞ്ഞതിനെതിരെ വിമർശനം ഉന്നയിച്ചു ഇന്ത്യയിലെ പ്രമുഖ നേതാക്കന്മാർ രംഗത്ത് എത്തിയത് ശ്രദ്ധനേടുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ രാജ്യത്തിന് പുറത്തുനിന്നുള്ളവര്‍ അഭിപ്രായം പറയേണ്ടതില്ല എന്ന തരത്തില്‍ ഉയര്‍ന്നുവരുന്ന പ്രചാരണത്തില്‍ പ്രതികരണവുമായി നടന്‍ സലീംകുമാര്‍.

ജോര്‍ജ് ഫ്‌ലോയിഡിനെ വെളുത്തവന്‍ മുട്ടുകാലു കൊണ്ട് ശ്വാസം മുട്ടിച്ച്‌ കൊന്ന സംഭവത്തില്‍ രാജ്യഭേദമന്യേ, വര്‍ഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാല്‍ മതി എന്ന് പറഞ്ഞില്ല:- സലീംകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്:

അമേരിക്കയില്‍ വര്‍ഗ്ഗീയതയുടെ പേരില്‍ ഒരു വെളുത്തവന്‍ തന്റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോര്‍ജ് ഫ്‌ലോയിഡിന്റെ ദയനീയ ചിത്രം, മനസ്സാക്ഷി മരവിക്കാത്ത ലോകത്തെ ഏതൊരുവന്റെയും ഉള്ളു പിടയ്ക്കുന്നതായിരുന്നു. അതിനെതിരെ രാജ്യഭേദമന്യേ വര്‍ഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു. ആക്കൂട്ടത്തില്‍ നമ്മള്‍ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാല്‍ മതി എന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിന്റെ പ്രശ്‌നം പരിഹരിക്കാന്‍ ഞങ്ങള്‍ക്കറിയാം എന്നും പറഞ്ഞില്ല.

പകരം ലോകപ്രതിഷേധത്തെ അവര്‍ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു. അത് കൂടാതെ, അമേരിക്കന്‍ പോലീസ് മേധാവി മുട്ടുകാലില്‍ ഇരുന്ന് പ്രതിഷേധക്കാരോട് മാപ്പ് പറയുന്നതും നമ്മള്‍ കണ്ടു.

അമേരിക്കകാര്‍ക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോള്‍ നമ്മള്‍ ഭാരതീയര്‍ക്ക് നഷ്ടപെട്ടത്. പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര വരമ്പുകള്‍ ഇല്ല, രാഷ്ട്രിയ വരമ്പുകളില്ല, വര്‍ഗ്ഗ വരമ്പുകളില്ല, വര്‍ണ്ണ വരമ്പുകളില്ല. എന്നും കതിര് കാക്കുന്ന കര്‍ഷകര്‍ക്കൊപ്പം.

Share this story