കള്ളക്കണക്ക് അവതരിപ്പിച്ച് സമരത്തെ തകർക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ചെന്നിത്തല

കള്ളക്കണക്ക് അവതരിപ്പിച്ച് സമരത്തെ തകർക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ചെന്നിത്തല

പി എസ് സി നിയമനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അവതരിപ്പിച്ച കണക്കുകൾ യാഥാർഥ്യവുമായി ബന്ധമില്ലാത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളക്കണക്ക് പറഞ്ഞ് സമരത്തെ തകർക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

അസത്യം വിളിച്ചു പറയുന്ന കണക്കുകളാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. ഈ സർക്കാരിന്റെ കാലത്ത് പോലീസിൽ 13,825 നിയമനങ്ങൾ നടത്തിയപ്പോൾ കഴിഞ്ഞ സർക്കാർ 4791 നിയമനങ്ങൾ മാത്രമേ നടത്തിയിട്ടുള്ളു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിക്ക് ഈ കണക്ക് എവിടെ നിന്ന് ലഭിച്ചുവെന്ന് അറിയില്ല

2011-2014 യുഡിഎഫ് സർക്കാരിന്റെ കാലത്ത് 10,185 നിയമനങ്ങൾ നടന്നിട്ടുണ്ട്. അന്ന് ഞാനായിരുന്നു ആഭ്യന്തര മന്ത്രി. ഈ സർക്കാരിന്റെ കാലത്ത് 1,57,909 നിയമനങ്ങൾ നടന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ 1,58,680 നിയമനങ്ങളാണ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടത്തിയത്.

പിൻവാതിൽ നിയമനങ്ങൾ മാത്രം നടത്തുന്ന സർക്കാരായി ഈ സർക്കാർ മാറി. എല്ലാ മാനദണ്ഡങ്ങളും യോഗ്യതകളും നോക്കിയാണ് പിൻവാതിൽ നിയമനം നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എസ് എസ് എൽ സി പോലും പാസാകാത്ത സ്വപ്‌ന സുരേഷിനെ ഒന്നേമുക്കാൽ ലക്ഷം രൂപ ശമ്പളത്തിൽ നിയമിച്ചത് എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ്.

ആരെയും വേദനിപ്പിക്കുന്ന സംഭവങ്ങളാണ് സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്നത്. സമരം ചെയ്യുന്നവരോട് ചർച്ച നടത്തില്ലെന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു

Share this story