കിഫ്ബിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് നടപടി നിയമപ്രകാരം: കേന്ദ്ര മന്ത്രി വി. മുരളീധരന്‍

കിഫ്ബിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് നടപടി നിയമപ്രകാരം: കേന്ദ്ര മന്ത്രി വി. മുരളീധരന്‍

ഭരണഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ പറഞ്ഞു. കിഫ്ബി ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടികള്‍ നിയമ പ്രകാരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചുരുങ്ങിയ പലിശക്ക് നാട്ടില്‍ നിന്ന് വായ്പ ലഭിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടും കൂടിയ പലിശയ്ക്ക് അന്താരാഷ്ട്ര വായ്പയെടുത്തതില്‍ ദുരൂഹതയുണ്ട്. രാജ്യത്തിന് പുറത്തു നിന്നും കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം വേണമെന്നിരിക്കെയാണ് എല്ലാ ചട്ടങ്ങളും കാറ്റില്‍ പറത്തി കിഫ്ബിയിലൂടെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്നും വായ്പയെടുത്തത്. ഇത് ഗുരുതര കുറ്റമാണെന്നും മുരളീധരന്‍ പറഞ്ഞു.

പ്രാഥമികമായ അന്വേഷണത്തിൽ വ്യാപക ക്രമക്കേട് നടന്നതായി ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള തീവെട്ടിക്കൊള്ളയാണ് ഇടതു ഭരണത്തില്‍ കേരളത്തില്‍ നടക്കുന്നതെന്നും, വ്യവസായങ്ങളുടെ ശവപറമ്പാണിന്ന് കേരളമെന്നും മുരളീധരന്‍ പറഞ്ഞു. ആലപ്പുഴയുടെ വികസനത്തിന് നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതെന്നും, അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട ആലപ്പുഴ ബൈപ്പാസ് അതിന് ഒരു ഉദാഹരണമാണെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.

കര്‍ഷക സ്‌നേഹം പറയുന്നവര്‍ കേരളത്തിലെ കുട്ടനാട്ടിലുള്ള കര്‍ഷകരുടെ സ്ഥിതി കണ്ടില്ലെന്ന് നടിക്കുകയാണെന്നും, നെല്ല് സംഭരിച്ചതിന്റെ പണം കര്‍ഷകര്‍ക്ക് നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നെല്ലിന് കേരളം പ്രഖ്യാപിച്ചതിനേക്കാള്‍ താങ്ങു വില കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും, കേരളത്തില്‍ നെല്ല് സംഭരിക്കാനുള്ള സംവിധാനമില്ലെന്നും, നെല്ലിന് പാടത്തു തന്നെ തീയിടേണ്ട അവസ്ഥയിലാണ് കര്‍ഷകരെന്നും മുരളീധരൻ പറഞ്ഞു. കുട്ടനാട് പാക്കേജിന്റെ പേരിലും കര്‍ഷകരെ വഞ്ചിക്കുകയാണ് യു.പി.എ സര്‍ക്കാരും, സംസ്ഥാനവും ചെയ്തത്. പാക്കേജിന്റെ പകുതി പോലും ചെലവഴിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും വി. മുരളീധരൻ പറഞ്ഞു.

പ്രളയകാലത്ത് കുട്ടനാട്ടുകാര്‍ ദുരിതമനുഭവിക്കുകയാണ്. കര്‍ഷകനോട് താത്പര്യമുണ്ടെന്ന് പറയുന്നവർ കുട്ടനാട് പാക്കേജിന്റെ മറവില്‍ കോടികള്‍ മുക്കാനാണ് ശ്രമിച്ചതെന്നും, കയര്‍ വ്യവസായത്തിന്റെ കേന്ദ്രമായിരുന്ന ആലപ്പുഴയില്‍ ഇന്ന് കയര്‍ തൊഴിലാളികള്‍ പട്ടിണിയിലാണെന്നും, പണം ധൂര്‍ത്തടിച്ച് സർക്കാർ സംസ്ഥാനത്തെ കടക്കെണിയിലാക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.

Share this story