കേരളാ കോൺഗ്രസ് എമ്മിന് 12 സീറ്റുകൾ നൽകിയേക്കുമെന്ന് റിപ്പോർട്ട്; ചങ്ങനാശ്ശേരിയിൽ തർക്കം

കേരളാ കോൺഗ്രസ് എമ്മിന് 12 സീറ്റുകൾ നൽകിയേക്കുമെന്ന് റിപ്പോർട്ട്; ചങ്ങനാശ്ശേരിയിൽ തർക്കം

കേരളാ കോൺഗ്രസ് എമ്മിന് 12 സീറ്റുകൾ നൽകാൻ ഇടതുമുന്നണിയിൽ ധാരണമെന്ന് റിപ്പോർട്ട്. 15 സീറ്റുകളാണ് ആവശ്യപ്പെട്ടതെങ്കിലും 12 സീറ്റ് നൽകാനാണ് ധാരണയായിരിക്കുന്നത്. ചങ്ങനാശ്ശേരിയെ ചൊല്ലി ഇപ്പോഴും തർക്കം നിലനിൽക്കുകയാണ്. ഇതുകൂടി കേരളാ കോൺഗ്രസിന് നൽകുകയാണെങ്കിൽ അവർക്ക് 13 സീറ്റുകൾ ലഭിക്കും

സിപിഐയുടെ എതിർപ്പ് ഇല്ലാതായാൽ ചങ്ങനാശ്ശേരി കൂടി ജോസിന് ലഭിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ ജോസ് വിഭാഗമുണ്ടാക്കിയ ഓളമാണ് കൂടുതൽ സീറ്റുകൾക്ക് അവരെ അർഹമാക്കിയത്. കുറ്റ്യാടി, റാന്നി തുടങ്ങിയ ഉറച്ച സീറ്റുകൾ വരെ സിപിഎം കേരളാ കോൺഗ്രസിന് കൈമാറി

പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, റാന്നി, തൊടുപുഴ, ഇടുക്കി, കുറ്റ്യാടി, ഇരിക്കൂർ, ചാലക്കുടി, പെരുമ്പാവൂർ, പിറവം മണ്ഡലങ്ങളാണ് കേരളാ കോൺഗ്രസ് എമ്മിന് നൽകിയത്. സിപിഐക്ക് ഇതോടെ മൂന്ന് സീറ്റുകൾ കുറഞ്ഞു. ജനാധിപത്യ കേരളാ കോൺഗ്രസിന് നാല് സീറ്റെന്നത് ഒരു സീറ്റായി കുറഞ്ഞു. എൻസിപിക്കും ഐഎൻഎല്ലിനും ഓരോ സീറ്റ് കുറഞ്ഞു.

സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റുകളും കേരളാ കോൺഗ്രസിന് വിട്ടു കൊടുത്തിട്ടുണ്ട്. നിലവിൽ 12 സീറ്റുകൾ ലഭിച്ചതിനാൽ ചങ്ങനാശ്ശേരിക്ക് വേണ്ടി ജോസ് വിഭാഗം കൂടുതൽ വാശി പിടിക്കുമെന്ന് കരുതാനാകില്ല. ഇന്ന് വൈകുന്നേരം ചേരുന്ന എൽ ഡി എഫ് യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമാകും.

Share this story