മുഖ്യമന്ത്രിയ്‌ക്കെതിരെ സികെപി; ചെന്നിത്തലയ്‌ക്കെതിരെ ബി ഗോപാലകൃഷ്ണന്‍; നേമത്ത് കുമ്മനം; ശോഭയ്ക്ക് സീറ്റില്ല

മുഖ്യമന്ത്രിയ്‌ക്കെതിരെ സികെപി; ചെന്നിത്തലയ്‌ക്കെതിരെ ബി ഗോപാലകൃഷ്ണന്‍; നേമത്ത് കുമ്മനം; ശോഭയ്ക്ക് സീറ്റില്ല

നിയമസഭാ തെരഞ്ഞടുപ്പിനുള്ള ബിജെപി സാധ്യതാ പട്ടികയായി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കോന്നിയില്‍ നിന്ന് മത്സരത്തിനിറങ്ങും. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് സികെ പദ്മനാഭനാണ് മത്സരിക്കുക. ബിജെപി കനത്ത പ്രതീക്ഷ വെയ്ക്കുന്ന നേമത്ത് കുമ്മനം രാജശേഖനാകും മത്സരിക്കുക.

സാധ്യതാ പട്ടികയില്‍ ഒരിടത്തും ശോഭ സുരേന്ദ്രന്റെ പേരില്ലെന്നതും ശ്രദ്ധേയമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഹരിപ്പാട് ബി ഗോപാലകൃഷ്ണന്‍ മത്സരിക്കും. പാലക്കാട് മെട്രോമാന്‍ ഇ ശ്രീധരനേയും കോഴിക്കോട് നോര്‍ത്തില്‍ എംടി രമേശിനേയും ബിജെപി കളത്തിലിറക്കും. അമ്പലപ്പുഴയില്‍ സന്ദീപ് വാചസ്പതി, കൊട്ടാരക്കരയില്‍ സന്ദീപ് വാര്യര്‍, നെടുമങ്ങാട് ജെ ആര്‍ പദ്മകുമാര്‍, അരുവക്കര സി ശിവന്‍കുട്ടി, മലമ്പുഴ സി കൃഷ്ണകുമാര്‍, പാറശാല കരമന ജയന്‍, ചാത്തന്നൂര്‍ ഗോപകുമാര്‍ എന്നിങ്ങനെയാണ് ബിജെപിയുടെ സാധ്യതാ പട്ടിക.

ഇത്തവണ 114 മണ്ഡലങ്ങളില്‍ പടയ്ക്കിറങ്ങാനാണ് ബിജെപി കണക്കുകൂട്ടുന്നത്. കഴിഞ്ഞ തവണ ബിജെപി മത്സരിച്ചത് 99 സീറ്റുകളിലേക്കായിരുന്നു. ഒന്‍പത് എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി തീരുമാനം കേന്ദ്രനേതൃത്വത്തിനുവിട്ടിരിക്കുകയാണ്. നടന്‍ സുരേഷ് ഗോപിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ലെന്നാണ് വിവരം. സുരേഷ് ഗോപി തിരുവനന്തപുരത്തോ തൃശൂരോ മത്സരിക്കണമെന്ന ആവശ്യവുമയര്‍ന്നിട്ടുണ്ട്.

Share this story