തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; മുഖ്യമന്ത്രിക്ക് നോട്ടിസ്

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; മുഖ്യമന്ത്രിക്ക് നോട്ടിസ്

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് മുഖ്യമന്ത്രി പിണറായി വിജയന് നോട്ടിസ്. അഗതി- വൃദ്ധ മന്ദിരങ്ങളില്‍ കൊവിഡ് വാക്‌സിന്‍ എത്തിക്കുമെന്ന പ്രസ്താവനയിലാണ് നോട്ടിസ്. പാര്‍ട്ടി ചിഹ്നം ഉപയോഗിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ വാക്‌സിന്‍ പ്രസ്താവന ചട്ട വിരുദ്ധമെന്നാണ് കണ്ടെത്തല്‍. 48 മണിക്കൂറിനുള്ളില്‍ രേഖാമൂലം മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് കണ്ണൂര്‍ കളക്ടര്‍ ടി വി സുഭാഷ് നിര്‍ദേശം നല്‍കി. ധര്‍മടം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കൂടിയായ വിജയന്‍ പാര്‍ട്ടി ചിഹ്നം പ്രദര്‍ശിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലാണ് പ്രസ്താവന നടത്തിയത്.

ഇന്ന് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പാവപ്പെട്ടവരുടെ അന്നം മുടക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. ഭക്ഷ്യ ക്കിറ്റ്, പെന്‍ഷന്‍ എന്നിവ പ്രതിപക്ഷം മുടക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കിറ്റും പെന്‍ഷനും വോട്ടിന് വേണ്ടിയല്ല, ജനങ്ങള്‍ക്ക് ആശ്വാസത്തിനാണെന്നും കിറ്റ് വിതരണം എന്ന തീരുമാനം തെരഞ്ഞെടുപ്പിന്റെ തലേന്നുള്ളതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story