പി ജയരാജൻ പാർട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല, മാധ്യമങ്ങൾ പക്ഷേ വക്രീകരിച്ച് ചിത്രീകരിച്ചു: മുഖ്യമന്ത്രി

പി ജയരാജൻ പാർട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല, മാധ്യമങ്ങൾ പക്ഷേ വക്രീകരിച്ച് ചിത്രീകരിച്ചു: മുഖ്യമന്ത്രി

വ്യക്തിപൂജ വിവാദത്തിൽ പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് മാധ്യമങ്ങൾ തെറ്റായി ചിത്രീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വസ്തുതയാണ്. പി ജയരാജന്റെ പിന്നാലെ മാധ്യമങ്ങൾ കൂടിയിരിക്കുകയാണ്. എന്നാൽ അതുകൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടില്ല

ജയരാജൻ പറഞ്ഞ കാര്യങ്ങളെല്ലാം വസ്തുതയാണ്. അതിലെന്താണ് തെറ്റുള്ളത്. എവിടെയെങ്കിലും പോകുമ്പോൾ ചെറിയ കുഞ്ഞുങ്ങൾ പോലും സ്‌നേഹം പ്രകടിപ്പിക്കുകയാണ്. അതൊക്കെ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. പാട്ടെഴുതി എനിക്കൊരു വീട്ടമ്മ കൊണ്ടുതന്നിരുന്നു. കമ്മ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല. ജയരാജൻ പറഞ്ഞ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്

സ്‌നേഹപ്രകടനങ്ങളും ആവേശ പ്രകടനങ്ങളും കാണുമ്പോൾ ഇതൊക്കെ എന്റെ വ്യക്തിപരമായ കേമത്തരത്തിന്റെ ഭാഗമാണെന്ന് തോന്നി തലയ്ക്ക് വല്ലാതെ കനം കൂടിയാൽ അതൊരു പ്രശ്‌നമായി തീരും. അത് കമ്മ്യൂണിസ്റ്റുകാർക്ക് സാധാരണ ഉണ്ടാകാറില്ല. ഉണ്ടായാൽ പാർട്ടി തിരുത്തും. അതൊന്നും മറച്ചുവെക്കേണ്ടതില്ല. എന്റെ അനുഭവത്തിൽ ധാരാളം ആവേശപ്രകടനം കണ്ടിട്ടുണ്ട്. അതുകൊണ്ടെന്നും എന്റെ രീതിയിൽ വ്യത്യാസം വരാൻ പോകുന്നില്ല. കമ്മ്യൂണിസ്റ്റുകാരൻ കാത്തുസൂക്ഷിക്കേണ്ട ജാഗ്രത പാലിച്ചു തന്നെ മുന്നോട്ടു പോകും

പാർട്ടിയാണ് ക്യാപ്റ്റനെന്ന് കോടിയേരിയും പറഞ്ഞു. അതു തന്നെയാണ് ശരി. പാർട്ടിക്ക് അതീതനായി എന്ന് ഒരാൾക്ക് തോന്നുമ്പോൾ അതിൽ തിരുത്തൽ വരുത്തും. ജയരാജൻ പാർട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നാലത് വക്രീകരിച്ചാണ് മാധ്യമങ്ങൾ ചിത്രീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story