കൊവിഡ് വാക്‌സിൻ സൗജന്യമായി തന്നെ നൽകും; ചെയ്യേണ്ട കാര്യങ്ങൾ സർക്കാർ ചെയ്യുമെന്ന് മുഖ്യമന്ത്രി

കൊവിഡ് വാക്‌സിൻ സൗജന്യമായി തന്നെ നൽകും; ചെയ്യേണ്ട കാര്യങ്ങൾ സർക്കാർ ചെയ്യുമെന്ന് മുഖ്യമന്ത്രി

കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുന്ന കാര്യത്തിൽ സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ അതിന്റെ മുറയ്ക്ക് തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുള്ള പണം എവിടെയെന്ന് ചോദിച്ചാൽ ആ സമയത്ത് പണം വരുമെന്നാണ് മറുപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു

കൊവിഡ് വാക്‌സിന്റെ കാര്യത്തിൽ കേന്ദ്രത്തിന് ഒരു വിലയും സംസ്ഥാനത്തിന് മറ്റൊരു വിലയും എന്ന് പറയുന്നത് ശരിയല്ല. സർക്കാരുകളെല്ലാം ഒരേ തരത്തിലല്ലേ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഒരേ വിലയ്ക്ക് വാക്‌സിൻ നൽകണം. സ്വകാര്യ മേഖലയ്ക്ക് നൽകുന്നതിനുള്ള വില നിശ്ചയിക്കണം. ഇക്കാര്യത്തിൽ കേന്ദ്രനിലപാടിനായി കാത്തിരിക്കുകയാണ്.

150 രൂപയ്ക്ക് കേന്ദ്രസർക്കാരിന് വാക്‌സിൻ നൽകുന്നു. എന്നാൽ സംസ്ഥാനങ്ങൾക്ക് നൽകുന്നത് 400 രൂപയ്ക്കാണ്. ഇത്തരത്തിലുള്ള വ്യത്യാസം പാടില്ല. വില ഏകീകൃതമായിരിക്കണം. വാക്‌സിന്റെ ലഭ്യതക്കുറവ് മൂലമാണ് രജിസ്‌ട്രേഷൻ പലർക്കുമില്ലെന്ന മറുപടി ലഭിക്കുന്നത്. രജിസ്റ്റർ ചെയ്യുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ വെബ് സൈറ്റിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് പ്രത്യേകം പരിശോധിക്കും.

കേന്ദ്ര നയം അനുസരിച്ച് 18 മുതൽ 45 വയസ്സ് വരെ പ്രായമുള്ളവർക്ക് സംസ്ഥാന സർക്കാരുകൾ വാക്‌സിൻ വാങ്ങിനൽകണം. ഇതിനുള്ള ശ്രമം തുടങ്ങുകയും ഓർഡർ നൽകുകയും ചെയ്തിട്ടുണ്ട്. അത് കിട്ടുന്ന മുറയ്ക്ക് വിതരണം നടത്തും. സർക്കാർ വാക്‌സിൻ നേരിട്ട് വാങ്ങുമ്പോഴും സാധാരണ നിലയിലുള്ള രജിസ്‌ട്രേഷൻ നടപടികളാകും ഉണ്ടാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story