രണ്ടാം ഡോസുകാർക്ക് മുൻഗണന നൽകും; കൊവിഡ് വാക്‌സിനേഷൻ മാർഗനിർദേശങ്ങൾ പുറത്തിറങ്ങി

സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്‌സിൻ എടുക്കാനുള്ള എല്ലാവർക്കും മുൻഗണനയനുസരിച്ച് നൽകി തീർക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതുസംബന്ധിച്ച മാർഗ നിർദേശങ്ങൾ പുറത്തിറക്കി. വാക്‌സിനേഷൻ സെന്ററുകളിൽ സെഷൻ ഷെഡ്യൂൾ ചെയ്യുമ്പോൾ രണ്ടാമത്തെ ഡോസ് എടുക്കേണ്ടവർക്ക് മുൻഗണന നൽകും

രണ്ടാം ഡോസ് കൊവിഷീൽഡ് വാക്‌സിൻ ആറ് മുതൽ എട്ട് ആഴ്ചകൾക്കുള്ളിലും കൊവാക്‌സിൻ നാല് മുതൽ ആറ് ആഴ്ചകൾക്കുള്ളിലുമാണ് എടുക്കേണ്ടത്. ഓരോ വാക്‌സിനേഷൻ സെന്ററുകളിലും രണ്ടാമത്തെ ഡോസ് വാക്‌സിൻ എടുക്കാൻ അർഹതയുള്ളവരുടെ ലിസ്റ്റ് കോവിൻ പോർട്ടലിൽ ലഭിക്കും

രണ്ടാം ഡോസുകാർക്ക് മുൻഗണന നൽകിയതിന് ശേഷമാകും ഓൺലൈൻ ബുക്കിംഗിനായി ആദ്യ ഡോസുകാർക്ക് സ്ലോട്ട് അനുവദിക്കുക. രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവർക്ക് മുൻകൂട്ടി തീയതിയും സമയവും നിശ്ചയിച്ച് അനുവദിക്കുന്നതാണ്. ആ സമയത്ത് മാത്രമേ കേന്ദ്രങ്ങളിൽ എത്താൻ പാടുള്ളു.

മെയ് ഒന്ന് മുതൽ പുതുക്കിയ വാക്‌സിൻ നയപ്രകാരം സ്വകാര്യ ആശുപത്രികളിലെ വാക്‌സിനേഷൻ കേന്ദ്രങ്ങൾ വാക്‌സിൻ നിർമാതാക്കളിൽ നിന്നും നേരിട്ട് വാക്‌സിൻ വാങ്ങേണ്ടതാണ്. ഇപ്പോൾ ലഭ്യമായിട്ടുള്ള വാക്‌സിൻ ഏപ്രിൽ 30ന് മുമ്പായി ഉപയോഗിക്കണം. ഇപ്പോൾ വാങ്ങിയ വാക്‌സിന്റെ ബാക്കിയുണ്ടെങ്കിൽ മെയ് ഒന്ന് മുതൽ 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമായി 250 രൂപ നിരക്കിൽ നൽകേണ്ടതാണ്.

Share this story