കേരളം ആര് ഭരിക്കും: ഇനി ബാക്കിയുള്ളത് മണിക്കൂറുകളുടെ കാത്തിരിപ്പ്

കേരളം ആര് ഭരിക്കും: ഇനി ബാക്കിയുള്ളത് മണിക്കൂറുകളുടെ കാത്തിരിപ്പ്

സംസ്ഥാനം അടുത്ത വർഷം ആര് ഭരിക്കണമെന്നത് നാളെ അറിയാം. ഏപ്രിൽ ആറിന് തെരഞ്ഞെടുപ്പ് നടന്നുവെങ്കിലും ഏകദേശം ഒരു മാസത്തിന് ശേഷമാണ് നാളെ വോട്ടെണ്ണൽ നടക്കുന്നത്. രാവിലെ എട്ട് മണി മുതൽ ആദ്യ ഫലസൂചനകൾ ലഭ്യമായി തുടങ്ങും.

പോസ്റ്റ് പോൾ സർവേ ഫലങ്ങളെല്ലാം തന്നെ ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തുമെന്ന സൂചനയാണ് നൽകുന്നത്. എന്നാൽ സർവേകളിൽ വിശ്വാസമില്ലെന്നും അധികാരം പിടിക്കാമെന്നുമാണ് യുഡിഎഫുകാർ ആശ്വസിക്കുന്നത്.

ചില സർവേകൾ പ്രകാരം ഇടതുമുന്നണിക്ക് 100 സീറ്റുകൾ വരെ പറയുന്നുണ്ട്. ഇടതുമുന്നണിക്ക് സർവേ ഫലങ്ങൾ വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്. അതേസമയം കാര്യമായ നേട്ടം സർവേകൾ പ്രവചിക്കുന്നില്ലെങ്കിലും ബിജെപിയും പ്രതീക്ഷയോടെ രംഗത്തുണ്ട്. ഒന്നോ രണ്ടോ സീറ്റോ നേടാനാകുമെന്ന പ്രതീക്ഷയാണ് അവർക്കുള്ളത്

നാളെ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. തപാൽ വോട്ടുകളാണ് ആദ്യമെണ്ണുക. 80 വയസ്സിന് മുകളിൽ പ്രായമുള്ളവർ, സർക്കാർ ഉദ്യോഗസ്ഥർ, കൊവിഡ് രോഗികൾ എന്നിവരുടേതടക്കം അഞ്ച് ലക്ഷത്തിലേറെ തപാൽ വോട്ടുകളാണ് ആദ്യമുള്ളത്. എട്ടരയോടെ വോട്ടിംഗ് മെഷീനിലെ വോട്ടെണ്ണൽ ആരംഭിക്കും

2,02,602 പോളിംഗ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിരിക്കുന്നത്. ഉച്ചയോടെ ഫലപ്രഖ്യാപനം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. അതേസമയം കൊവിഡിന്റെ സാഹചര്യത്തിൽ വിജയാഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Share this story