കെയർ ടേക്കറായി തുടരും, സോണിയക്ക് കത്തയച്ചിട്ടില്ല; തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുക്കുന്നുവെന്നും മുല്ലപ്പള്ളി

കെയർ ടേക്കറായി തുടരും, സോണിയക്ക് കത്തയച്ചിട്ടില്ല; തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുക്കുന്നുവെന്നും മുല്ലപ്പള്ളി

കെയർ ടേക്കർ എന്ന നിലയിൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. എത്രയും പെട്ടെന്ന് ബദൽ സംവിധാനമുണ്ടാകണം. പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നു. സോണിയ ഗാന്ധിക്ക് താൻ കത്തയച്ചുവെന്ന നിലയിൽ വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും രാമചന്ദ്രൻ പറഞ്ഞു

കെപിസിസി അധ്യക്ഷനായി തുടരാൻ ആഗ്രഹമില്ലെന്നും ബദൽ സംവിധാനമുണ്ടാക്കണമെന്നും സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുവരെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് താത്കാലികമായി തുടരാമെന്നാണ് അറിയിച്ചത്. തെരഞ്ഞെടുപ്പിൽ വിജയിക്കാനായില്ലെന്ന ദുഃഖമുണ്ട്. അതിന്റെ പൂർണ ഉത്തരവാദിത്വം തനിക്കുണ്ട്.

അശോക് ചവാൻ കമ്മീഷനെ ബഹിഷ്‌കരിച്ചുവെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്നാൽ സോണിയ ഗാന്ധിക്ക് മുന്നിൽ പറഞ്ഞ കാര്യത്തിൽ കൂടുതൽ കൂട്ടിച്ചേർക്കലുകളോ കുറയ്ക്കലുകളോയില്ല. അതിനാൽ റിപ്പോർട്ടിന്റെ കോപ്പി അയക്കാമെന്നാണ് ചവാൻ കമ്മിറ്റിയോട് പറഞ്ഞത്

ഒരുപാട് ഇലപൊഴിയും കാലം കണ്ട പാർട്ടിയാണ് കോൺഗ്രസ്. പാർട്ടിയിൽ വിഭാഗീയത രൂക്ഷമായി എന്ന തരത്തിൽ വാർത്തകൾ കൊടുക്കരുതെന്നും രാമചന്ദ്രൻ ആവശ്യപ്പെട്ടു

Share this story