ലക്ഷദ്വീപ് കലക്ടര്‍ അസ്‌കര്‍ അലിയുടെ കോലം കത്തിച്ചു; യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ലക്ഷദ്വീപ് കലക്ടര്‍ അസ്‌കര്‍ അലിയുടെ കോലം കത്തിച്ചു; യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കവരത്തി: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ തുടങ്ങിവെച്ച പുതിയ നിയമവ്യവസ്ഥയ്ക്ക് എതിരെ പ്രതിഷേധം തുടരുന്നു. ലക്ഷദ്വീപ് കലക്ടര്‍ അസ്‌കര്‍ അലിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ച യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലായി. കില്‍ത്താന്‍ ദ്വീപില്‍ പ്രതിഷേധം നടത്തിയ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. സന്ദര്‍ശക വിലക്ക് നടപ്പാക്കി തുടങ്ങിയതിന് പിന്നാലെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഞായറാഴ്ച ലക്ഷദ്വീപില്‍ എത്തിയേക്കുമെന്നാണ് സൂചന.

കലക്ടറുടെ കോലം കത്തിച്ച് പ്രതിഷേധം നടത്തിയ സംഭവത്തിലാണ് കൂടുതല്‍ അറസ്റ്റ്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോയിലുള്ളവരെ കണ്ടെത്തിയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍, പ്രതിഷേധം കാണാനെത്തിയവരെക്കൂടി പൊലീസ് പിടികൂടുകയാണെന്നാണ് അറസ്റ്റിലായവരുടെ ആരോപണം. നേരത്തെ അറസ്റ്റിലായ 23 പേരെ റിമാന്‍ഡ് ചെയ്ത് കില്‍ത്താനിലെ ഓഡിറ്റോറിയത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

അതേസമയം, ശനിയാഴ്ച വന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ലക്ഷദ്വീപിലേക്കുള്ള സന്ദര്‍ശക വിലക്ക് നടപ്പാക്കി തുടങ്ങി. നിലവില്‍ സന്ദര്‍ശക പാസില്‍ ദ്വീപില്‍ തങ്ങുന്നവരോട് ഉടനടി മടങ്ങാനാണ് നിര്‍ദേശം.

Share this story