കണ്ണൂര്‍ പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ 3 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; മരിച്ചത് കര്‍ണാടക സ്വദേശികള്‍
കണ്ണൂര്‍ പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ 3 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ബെംഗളൂരുവിലെ മെഡിക്കല്‍ വിദ്യാര്‍ഥികളായ അഫ്‌നാന്‍, റഹാനുദ്ദീന്‍, അഫ്‌റാസ് എന്നിവരാണ് മരിച്ചത്. കര്‍ണാടക സ്വദേശികളാണ്. കടലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. സംഘത്തില്‍ 8 പേരുണ്ടായിരുന്നു.
കര്‍ണാടക സ്വദേശികളായ എട്ടുപേരടങ്ങുന്ന സംഘം പയ്യാമ്പലത്തെ റിസോര്‍ട്ടില്‍ താമസിച്ചുവരികയായിരുന്നു. ഇവരെല്ലാം ബെംഗളൂരുവില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. രാവിലെ എട്ടംഗസംഘം കടലില്‍ കുളിക്കാനിറങ്ങി. ഇതിനിടെയാണ് മൂന്നുപേര്‍ തിരയില്‍പ്പെട്ടത്. താമസിക്കുന്ന റിസോര്‍ട്ടിനു മുന്നിലെ കടലില്‍ ഇറങ്ങുകയായിരുന്നു. അഫ്‌റാസാണ് ആദ്യം കടലില്‍ ഇറങ്ങിയത്. ഒഴുക്കില്‍പ്പെട്ടതോടെ മറ്റു 2 പേര്‍ രക്ഷിക്കാന്‍ ഇറങ്ങി. മൂന്നുപേരും ഒഴുക്കില്‍പ്പെട്ടതോടെ കൂട്ടത്തിലുള്ളവര്‍ നാട്ടുകാരെയും മത്സ്യത്തൊഴിലാളികളെയും അറിയിച്ചു.
ഫയര്‍ഫോഴ്‌സും പൊലീസും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സാധാരണയായി ആരും കുളിക്കാനിറങ്ങാത്ത ഭാഗത്താണ് കര്‍ണാടക സ്വദേശികള്‍ കടലിലിറങ്ങിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അപകടസാധ്യതയുള്ളതിനാല്‍ കുളിക്കാനിറങ്ങുന്നവരെ വിലക്കാറുണ്ടെങ്കിലും പലരും ഇത് ചെവിക്കൊള്ളാറില്ലെന്നും നാട്ടുകാര്‍ പറയുന്നു.
