ഇറ്റലിയിൽ നിന്നും 42 മലയാളികൾ കൂടി കൊച്ചിയിലെത്തി; ആശുപത്രിയിലേക്ക് മാറ്റി

ഇറ്റലിയിൽ നിന്നും 42 മലയാളികൾ കൂടി കൊച്ചിയിലെത്തി; ആശുപത്രിയിലേക്ക് മാറ്റി

കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തിൽ ഇറ്റലിയിൽ നിന്നും 42 മലയാളികൾ കൂടി കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ഇവരെ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് നിരീക്ഷണത്തിനായി മാറ്റി. ഇറ്റലിയിൽ നിന്ന് എത്തുന്നവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആകുന്നതുവരെ ഐസോലേഷൻ വാർഡിൽ വെക്കാനാണ് നിർദേശം

കഴിഞ്ഞ ദിവസം ഇറ്റലിയിൽ നിന്നെത്തി കൊറോണ സ്ഥിരീകരിച്ചർ പോയ പുനലൂരിലെ ബന്ധുവീട്ടിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കും വൈറസ് ബാധ ഇല്ലെന്ന് കണ്ടെത്തി. ഇവരുടെ അയൽവാസികൾക്കും വൈറസ് ബാധയില്ല. എങ്കിലും ഇവർ 28 ദിവസം വീട്ടിൽ നിരീക്ഷണത്തിലായിരിക്കുമെന്ന് അധികൃതർ അറിയിച്ചു

സംസ്ഥാനത്താകെ നിലവിൽ 14 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് വയസ്സുകാരനും മാതാപിതാക്കൾക്കും കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ എറണാകുളത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇവർ വന്ന വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരുടെ വീടുകളിലും ആരോഗ്യവകുപ്പ് നേരിട്ട് നിരീക്ഷണമേർപ്പെടുത്തി. വിമാനത്തിലുണ്ടായിരുന്ന 99 പേർ എറണാകുളം ജില്ലക്കാരാണ്.

Share this story