ഹൃദ്രോഗത്തിനു നല്കി 5000, വീണ്ടും നല്‍കി 10000, കാന്‍സറിനായി 10000; മെഡിക്കൽ സർട്ടിഫിക്കറ്റ് എല്ലുരോഗ ഡോക്ടര്‍ വകയും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ വ്യാപക തട്ടിപ്പ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിന് പിന്നില്‍ വന്‍ സംഘം ഉള്ളതായി വിജിലന്‍സ് കണ്ടെത്തല്‍. വിവിധ ജില്ലകളില്‍ നിന്നും വ്യാപകമായ വിധത്തില്‍ വന്‍ തുകകള്‍ തട്ടിയെടുക്കപ്പെട്ടിട്ടുണ്ട് എന്നാണ് വിജിലന്‍സ് നിഗമനം. വിപുലമായ അന്വേഷണത്തിനാണ് വിജിലന്‍സ് തുടക്കം കുറിച്ചത്. രണ്ടു വര്‍ഷത്തെ അപേക്ഷകള്‍ ഇപ്പോള്‍ പരിശോധിക്കപ്പെടുകയാണ്. അടിയന്തിര ഘട്ടങ്ങളില്‍ ആശ്വാസധനമായി മാറേണ്ട ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ആസൂത്രിതമായ പണം തട്ടല്‍ സര്‍ക്കാര്‍ വൃത്തങ്ങളെ തന്നെ ഞെട്ടിച്ചിട്ടുണ്ട്. ആകെയുണ്ടായ സൈക്കിള്‍ വിറ്റും ആടിനെ വിറ്റുമെല്ലാം ജനങ്ങള്‍ സര്‍ക്കാരിനു നല്‍കിയ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് ഈ തട്ടിയെടുക്കല്‍ നടന്നിട്ടുള്ളത്.
പാവപ്പെട്ട രോഗികളെ ഏജന്റുമാര്‍ സ്വാധീനിച്ച് സര്‍ക്കാര്‍ സഹായത്തിനു അപേക്ഷ നല്‍കിപ്പിക്കുകയാണ് ചെയ്തത്. അവരുടെ അക്കൗണ്ടില്‍ പണം വരുമ്പോള്‍ വലിയ ഒരു ശതമാനം ഏജന്റുമാര്‍ തട്ടിയെടുക്കും. ഇതിനു സംസ്ഥാനത്തുടനീളം വ്യാപക ശൃംഖല തന്നെയുള്ളതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത്തരക്കാര്‍ വ്യാപകമായി അകത്താകാനാണ് സാധ്യത. തട്ടിപ്പിന്റെ സൂചന കിട്ടിയപ്പോള്‍ തന്നെ വിജിലന്‍സ് രഹസ്യഅന്വേഷണം നടത്തിയിരുന്നു. ഇത് വിജിലന്‍സ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആക്കി മാറ്റി. ഇതോടെയാണ് തട്ടിപ്പ് ചുരുളഴിക്കാന്‍ വിജിലന്‍സ് മേധാവി മനോജ് എബ്രഹാം ഒരുങ്ങിയത്.
തെളിവ് സഹിതം തട്ടിപ്പിന്റെ ശൃംഖല തന്നെ വെളിയില്‍ വന്നു. രോഗിയുടെ ഫോണ്‍ നമ്പറിനു പകരം വ്യാപകമായി ഉപയോഗിച്ചത് ഏജന്റുമാരുടെ ഫോണ്‍ നമ്പറുകളാണ്. ഇതോടെ പണം അനുവദിച്ച സന്ദേശം ഈ ഫോണുകളിലേക്ക് പോകും. ഇത് ഏജന്റുമാര്‍ക്ക് പണം വരവിനെ സംബന്ധിച്ച് വിവരം എളുപ്പമാക്കി. പണം വന്നത് ചൂണ്ടിക്കാട്ടി രോഗിയെ സമീപിച്ച് ഇവര്‍ കമ്മീഷന്‍ കൈക്കലാക്കും. ഇതാണ് വ്യാപകമായി നടന്നത്. പണം തട്ടിക്കുന്നതില്‍ ഒട്ടനവധി വ്യാജ രോഗികളുണ്ട്. ഇവര്‍ക്കൊക്കെ ഡോക്ടര്‍മാര്‍ സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടുണ്ട്. പണം പോകുന്നത് അര്‍ഹര്‍ക്ക് തന്നെയാണോ എന്ന കാര്യത്തില്‍ ഒരു പരിശോധനയും നടന്നില്ല. ഇതാണ് തട്ടിപ്പുകള്‍ വര്‍ഷങ്ങള്‍ തന്നെ നീണ്ടുപോകാന്‍ കാരണം.
വ്യാപക തട്ടിപ്പ് ഞെട്ടിക്കുന്നതാണ്. കൊല്ലത്ത് വ്യാപകമായി തട്ടിപ്പ് നടന്നിട്ടുണ്ട്. തിരുവനന്തപുരത്തെ അഞ്ചു തെങ്ങില്‍ ഒരു ഏജന്റിന്റെ ഫോൺ നമ്പർ ഉപയോഗിച്ച് അപേക്ഷിച്ചത് 16 അപേക്ഷകളാണ്. ഇതില്‍ ഫണ്ട് അനുവദിച്ചു. അപേക്ഷയോടൊപ്പം സമർപ്പിച്ച രേഖകളിൽ കരൾ സംബന്ധമായ രോഗത്തിനാണ് ചികിത്സ. എന്നാല്‍ ഫണ്ട് അനുവദിച്ചത് ഹൃദയസംബന്ധമായ രോഗത്തിനും. കൊല്ലം ജില്ലയിൽ വിജിലൻസ് പരിശോധിച്ച 20 അപേക്ഷകളിലെ മെഡിക്കൽ സർട്ടിഫിക്കറ്റിൽ 13 എണ്ണം എല്ലുരോഗ വിദഗ്ദ്ധനായ ഒരു ഡോക്ടർ നൽകിയതാണ്.
പുനലൂർ താലൂക്കിൽ ഒരു ഡോക്ടർ നല്‍കിയത് 1500 സർട്ടിഫിക്കറ്റുകളാണ്. കരുനാഗപ്പള്ളിയിലെ 14 അപേക്ഷകളിലെ മെഡിക്കൽ സർട്ടിഫിക്കറ്റുകളിൽ 11 എണ്ണവും ഒരു ഡോക്ടർ നൽകിയതാണ്. ഒരേ വീട്ടിലെ എല്ലാവർക്കും രണ്ട് ഘട്ടങ്ങളിലായി നാല് സർട്ടിഫിക്കറ്റുകളാണ് ഈ ഡോക്ടര്‍ നല്‍കിയത്. അപേക്ഷയോടൊപ്പം ആധാർകാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ സമർപ്പിക്കാത്തവർക്കും അപേക്ഷയിൽ ഒപ്പ് രേഖപ്പെടുത്താത്തവര്‍ക്കും ഫണ്ട് നല്‍കിയിട്ടുണ്ട്.
മുണ്ടക്കയം സ്വദേശിയായ ഒരാൾക്ക് 2017-ൽ ഹൃദയസംബന്ധമായ അസുഖത്തിന് കോട്ടയം കളക്ടേറ്റ് മുഖേന 5000 രൂപ നല്‍കി. 2019-ൽ ഇതേ അസുഖത്തിന് ഇടുക്കി കളക്ടറേറ്റ് മുഖേന 10000 രൂപയും 2020-ൽ ഇതേ വ്യക്തിയ്ക്ക് ക്യാൻസറിന് കോട്ടയം കളക്ടറേറ്റ് മുഖേന 10000 രൂപയും അനുവദിച്ചു. മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയത് കാഞ്ഞിരപ്പള്ളി സർക്കാർ ആശുപത്രിയിലെ എല്ലുരോഗ ഡോക്ടറും. നല്‍കിയ ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ ഞാനല്ല അപേക്ഷിച്ചത് എന്നാണ് ജോര്‍ജ് എന്നയാള്‍ പറഞ്ഞത്.
ഇടുക്കിയില്‍ നടത്തിയ പരിശോധനയിൽ അപേക്ഷകരുടെ മെഡിക്കൽ സർട്ടിഫിക്കറ്റിൽ പേരും, രോഗവിവരങ്ങളും പലപ്രാവശ്യം വെട്ടി തിരുത്തിയിട്ടുള്ളതായി കണ്ടെത്തി. ഒരു അപേക്ഷയോടൊപ്പമുള്ള ഫോൺ നമ്പരിൽ വിളിച്ചപ്പോൾ അത് ഏജന്റിന്റെ നമ്പരാണെന്നും വിജിലൻസ് കണ്ടെത്തി.എറണാകുളം ജില്ലയിലെ സമ്പന്നനായ വിദേശ മലയാളിക്ക് ചികിത്സാധനസഹായമായി 300000 രൂപയും മറ്റൊരു വിദേശ മലയാളിയ്ക്ക് 45000 രൂപയും അനുവദിച്ചിട്ടുണ്ട്.
നിലമ്പൂരിൽ മെഡിക്കൽ സർട്ടിഫിക്കറ്റിൽ ചികിത്സയ്ക്കായി ചിലവായ തുക രേഖപ്പെടുത്താത്ത അപേക്ഷകളിലും ഫണ്ട് അനുവദിച്ചു. സ്പെഷ്യലിസ്റ്റ് അല്ലാത്ത ഡോക്ടർമാര്‍ ഗുരുതര രോഗങ്ങൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ 5 അപേക്ഷകളില്‍ ഹൃദയസംബന്ധമായ രോഗത്തിനു മെഡിക്കൽ സർട്ടിഫിക്കറ്റുകള്‍ നല്‍കിയത് ഒരു ആയൂർവേദ ഡോക്ടറാണ്. അപേക്ഷകള്‍ നല്‍കിയത് ഏജന്റും. അപേക്ഷയോടൊപ്പമുള്ള വരുമാന സർട്ടിഫിക്കറ്റുകളും മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ അധികാരികതയും പരിശോധിക്കാനാണ് വിജിലന്‍സ് നീക്കം.