സ്വത്ത് തട്ടിയെടുക്കാൻ 75കാരിയെ ചങ്ങലക്കിട്ട് മർദിച്ചു; സഹോദരഭാര്യയും മകളും അറസ്റ്റിൽ
Fri, 13 Jan 2023

തൃശ്ശൂരിൽ സ്വത്ത് തട്ടിയെടുക്കാനായി വയോധികയെ തൊഴുത്തിൽ ചങ്ങലക്കിട്ട് മർദിച്ച സംഭവത്തിൽ സഹോദര ഭാര്യയും മകളും അറസ്റ്റിൽ. ചാഴൂർ സ്വദേശിയായ അമ്മിണിക്കാണ്(75) മർദനമേറ്റത്. ഭക്ഷണവും വെള്ളവും ചോദിച്ചപ്പോഴായിരുന്നു മർദനം. ഇവരുടെ സഹോദര ഭാര്യ ഭവാനി, മകൾ കിന എന്നിവരെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
അമ്മിണിയുടെ പേരിലുള്ള 10 സെന്റ് പുരയിടം സ്വന്തം പേരിൽ ആക്കി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം. വീടിന് പുറകിലുള്ള മേൽക്കൂര തകർന്ന തൊഴുത്തിൽ ചങ്ങലക്കിട്ടാണ് അമ്മിണിയെ മർദിച്ചത്. അവശനിലയിലായ വൃദ്ധയെ അന്തിക്കാട് പോലീസ് എത്തിയാണ് മോചിപ്പിച്ചത്.