85,000 രൂപ പ്രതിമാസ വാടക; വര്‍ഷം ചെലവ് പത്തുലക്ഷത്തിലേറെ: മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ചു

മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ചു. തിരുവനന്തപുരം തൈക്കാട് വില്ലേജിലുള്ള ഈശ്വര വിലാസം റെസിഡന്‍സ് അസോസിയേഷനിലെ 392 ആം നമ്പര്‍ ആഡംബര വസതിയാണ് സജി ചെറിയനായി സര്‍ക്കാര്‍ വാടകക്ക് എടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ടൂറിസം ഡയറക്ടര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
85000 രൂപയാണ് ആഡംബര വസതിയുടെ പ്രതിമാസ വാടക. അതായത് ഒരു വര്‍ഷത്തേക്ക് വാടക ഇനത്തില്‍ മാത്രം 10.20 ലക്ഷം ആകും. ഇതിന് പുറമെ കറന്റ് ചാര്‍ജ് , വാട്ടര്‍ ചാര്‍ജ് തുടങ്ങിയവയും അടയ്ക്കണം. വാടക വീടിന്റെ മോടി പിടിപ്പിക്കല്‍ ടൂറിസം വകുപ്പ് ഉടന്‍ നടത്തും. ഇതിന്റെയും ചെലവ് ലക്ഷങ്ങള്‍ ആകും. ഔട്ട് ഹൗസ് ഉള്‍പ്പെടെ വിശാല സൗകര്യമുള്ള വസതിയാണിത്. ഔദ്യോഗിക വസതിയ്ക്കായി സര്‍ക്കാര്‍ മന്ദിരങ്ങള്‍ ഒഴിവ് ഇല്ലാത്തതു കൊണ്ടാണ് വാടകയ്ക്ക് വീട് എടുത്തതെന്നാണ് സര്‍ക്കാര്‍ വിശദികരണം