900 കാര്യങ്ങളിൽ 97 ശതമാനവും പൂർത്തിയാക്കി; ലൈഫ് പദ്ധതി വലിയ നേട്ടം: എൽഡിഎഫിന്റെ പ്രോ​ഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി

Pinarayi Vijayan

കണ്ണൂർ: കഴിഞ്ഞ പത്ത് വർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ ഭരണനേട്ടങ്ങൾ വ്യക്തമാക്കുന്ന പ്രോ​ഗ്രസ് റിപ്പോർട്ട് കണ്ണൂരിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. 2021-ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത 900 കാര്യങ്ങളിൽ 97 ശതമാനവും ഇതിനോടകം പൂർത്തിയാക്കാൻ സർക്കാരിന് സാധിച്ചുവെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി

മുന്നണി എന്ന നിലയിൽ സർക്കാരിന്റെ പത്താം വർഷത്തിൽ ജനങ്ങൾക്കായുള്ള ഈ റിപ്പോർട്ട് സമർപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായി നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കിയതിന്റെ വിശദാംശങ്ങൾ മുഖ്യമന്ത്രി വിവരിച്ചു. മുൻ റിപ്പോർട്ട് പ്രകാരം 600 വാഗ്ദാനങ്ങളിൽ 580 എണ്ണവും നടപ്പിലാക്കിയിരുന്നു.

പുതിയ റിപ്പോർട്ട് പ്രകാരം 2021-ലെ 900 വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും പൂർത്തിയായിക്കഴിഞ്ഞു. ബാക്കിയുള്ളവ അവസാനഘട്ടത്തിലാണ്. സർക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി ലൈഫ് പദ്ധതിയെ അദ്ദേഹം ഉയർത്തിക്കാട്ടി. അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കി 20 ലക്ഷത്തോളം പേർക്ക് ഇതിന്റെ ഗുണഫലം ലഭ്യമാക്കി.

ഇതിനുപുറമെ, മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി 2752 വീടുകളും 738 ഫ്ലാറ്റുകളും നിർമ്മിച്ചു നൽകി. 4,56,689 കുടുംബങ്ങൾക്ക് ഭൂമിയുടെ പട്ടയം വിതരണം ചെയ്യാൻ സർക്കാരിന് സാധിച്ചു. ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ ജോലിയിലായതിനാലാണ് പട്ടയ വിതരണം അഞ്ച് ലക്ഷം തികയാതിരുന്നതെന്നും അല്ലെങ്കിൽ ആ ലക്ഷ്യവും മറികടക്കുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി വഴി 64,006 കുടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കി. ദേശീയപാത വികസനം, മലയോര-തീരദേശ ഹൈവേകൾ, തുരങ്കപാത എന്നിവയുൾപ്പെടെയുള്ള പശ്ചാത്തല സൗകര്യ വികസനത്തിലെ പുരോഗതിയും മുഖ്യമന്ത്രി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

Tags

Share this story