വെറും 300 രൂപയ്ക്ക് മൂന്നുമണിക്കൂര്‍ ബോട്ടുസവാരി: ഒപ്പം അടിപൊളി ഭക്ഷണവും

Boat

കൊല്ലം: അഷ്ടമുടി കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ ജലഗതാഗത വകുപ്പ് ഒരുക്കിയ ഡബിള്‍ ഡക്കര്‍ ബോട്ടായ സീ അഷ്ടമുടി ഫെബ്രുവരിയില്‍ സര്‍വീസ് ആരംഭിക്കും. ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിംഗ്, കേരള മാരിടൈം ബോര്‍ഡ് എന്നിവയുടെ പരിശോധന സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞയാഴ്ച ലഭിച്ചിരുന്നു.

ജലഗതാഗത വകുപ്പ് മന്ത്രിയുടെ സൗകര്യം പരിഗണിച്ചാണ് ഉദ്ഘാടനം നീട്ടിയത്.

കൊല്ലത്ത് നിന്ന് കാവനാട്, അഷ്ടമുടി, സാമ്പ്രാണിക്കോടി, പേഴുംതുരുത്ത്, പെരുങ്ങാലം എന്നിങ്ങനെയാണ് സര്‍വീസ് ആലോചിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂറാണ് സര്‍വീസ് സമയം. രാവിലെ 10 മുതല്‍ ഒന്ന്, വൈകിട്ട് മൂന്ന് മുതല്‍ ആറ് എന്നിങ്ങനെ ദിവസം രണ്ട് സര്‍വീസ് നടത്തും. നേരത്തെ സാധാരണ യാത്രക്കാരെക്കൂടി കയറ്റാന്‍ ആലോചന ഉണ്ടായിരുന്നു. എന്നാല്‍ പൂര്‍ണമായും വിനോദ സര്‍വീസായി നടത്താനാണ് പുതിയ തീരുമാനം. ബോട്ടിന്റെ അപ്പര്‍ ഡെക്കില്‍ 350 രൂപയും ലോവര്‍ ഡെക്കില്‍ 300 രൂപയുമാണ് നിരക്ക്.

ഉള്ളിലുണ്ട് മിനി റസ്റ്റോറന്റ്
പെയിന്റിംഗുകളും തടിശില്പങ്ങളും കൊണ്ട് മനോഹരമാണ് സീ അഷ്ടമുടി ബോട്ടിന്റെ ഉള്‍ഭാഗം. ഇതിന് പുറമേ മിനി റെസ്റ്റോറന്റുമുണ്ട്. ഇവിടെയെത്തി യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാം. സാമ്പ്രാണിക്കോടിയിലുള്ള കുടുംബശ്രീ യൂണിറ്റ് തയ്യാറാക്കി കൊണ്ടുവരുന്ന ഭക്ഷണം ബോട്ടിനുള്ളില്‍ വിതരണം ചെയ്യും. രണ്ട് നിലകളിലും ഓരോ ബയോ ടൊയ്‌ലെറ്റുകളുമുണ്ട്

Share this story