എകെജി സെന്റർ ആക്രമണം: എല്ലാ പ്രതികളെയും പോലീസ് പിടികൂടുമെന്നാണ് പ്രതീക്ഷയെന്ന് എം വി ഗോവിന്ദൻ

govindan

എകെജി സെന്റർ ആക്രമിച്ച കേസിലെ പ്രതിയും യൂത്ത് കോൺഗ്രസ് നേതാവുമായ ജിതിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആക്രമണത്തിന് പിന്നിലെ എല്ലാ പ്രതികളെയും പോലീസ് കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു. എ കെ ജി സെന്ററിന് നേരെ നടന്ന ആക്രമണം ആസൂത്രിതമായിരുന്നു. ഇതിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട എല്ലാവരെയും പിടികൂടാൻ സാധിക്കണം. 

യൂത്ത് കോൺഗ്രസിന്റെ മണ്ഡലം നേതാവ് തന്നെയാണ് ആക്രമണത്തിന് നേതൃത്വം കൊടുത്തതെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. ഇനിയും അന്വേഷണം നടത്തി മറ്റ് പ്രതികളെ കണ്ടെത്തണം. കേരളാ പോലീസിൽ തങ്ങൾക്ക് വിശ്വാസമുണ്ട്. ഓരോ പ്രതികളെയും പോലീസ് കണ്ടെത്തുമെന്നാണ് പ്രതീക്ഷ. അതോടെ കോൺഗ്രസ് നേതാക്കൾക്ക് ഇതുവരെ പറഞ്ഞതെല്ലാം വിഴുങ്ങേണ്ടി വരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ആറ്റിപ്ര യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയാണ് ജിതിൻ. ഇയാളുടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവിധ ഘട്ടങ്ങളിലായി സൈബർ പോലീസിന്റെ അടക്കം സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാൻ ക്രൈംബ്രാഞ്ചിന് സാധിച്ചത്. ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
 

Share this story