അഡ്വ. സൈബി ജോസ് ഹാജരായ കേസിൽ പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ചുവിളിച്ച് ഹൈക്കോടതി

high court

ജഡ്ജിമാർക്ക് കോഴ നൽകാനെന്ന പേരിൽ കക്ഷികളുടെ പക്കൽ നിന്ന് കൈക്കൂലി വാങ്ങിയ അഡ്വക്കേറ്റ് സൈബി ജോസ് ഹാജരായ കേസിൽ പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ചുവിളിച്ച് ഹൈക്കോടതി. ഇരയുടെ ഭാഗം കേൾക്കാതെ പ്രതികൾക്ക് ജാമ്യം നൽകിയതിൽ വീഴ്ച പറ്റിയെന്ന വിലയിരുത്തിയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ നടപടി. നോട്ടീസ് ലഭിച്ചിട്ടും ഇര ഹാജരായില്ല എന്നായിരുന്നു കോടതിയെ ധരിപ്പിച്ചിരുന്നത്

അനുകൂല വിധി വാങ്ങാമെന്ന് കക്ഷികളെ ധരിപ്പിച്ച് സൈബി ജോസ് ജസ്റ്റിസ് സിയാദ് റഹ്മാൻ അടക്കം മൂന്ന് ജഡ്ജിമാരുടേ പേരിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് പത്തനംതിട്ട സ്വദേശി ബാബുവിന്റെ ഹർജിയിൽ ഹൈക്കോടതിയുടെ അസാധാരണ നടപടി. 

പട്ടികജാതി, പട്ടികവർഗ നിരോധന നിയമപ്രകാരം റാന്നി പോലീസ് എടുത്ത കേസിൽ പ്രതികളായ ബൈജു സെബാസ്റ്റ്യൻ, ജിജോ വർഗീസ് എന്നിവർക്ക് ജാമ്യം നൽകിയത് തന്റെ വാദം കേൾക്കാതെയാണ് എന്നായിരുന്നു പരാതി. സൈബി ജോസ് ആയിരുന്നു പ്രതികൾക്ക് വേണ്ടി അന്ന് ഹാജരായതെന്നും നോട്ടീസ് ലഭിക്കാത്തത് സംശയാസ്പദമാണെന്നും കോടതി അറിയിച്ചു. തുടർന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ 2022 ഏപ്രിൽ 29ന് താൻ പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധിച്ചത്.
 

Share this story