വനിതാ എസ്ഐയെ കോടതിയിൽ കൈയ്യേറ്റം ചെയ്യാൻ ശ്രമം; അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു
Sat, 17 Dec 2022

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ വനിതാ എസ്.ഐയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച അഭിഭാഷകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. ജോലി തടസ്സപ്പെടുത്തിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തത്. വലിയതുറ എസ്.ഐ അലീനയുടെ പരാതിയിൽ വഞ്ചിയൂർ പൊലീസ് ആണ് കേസെടുത്തത്.
ഇന്ന് എസ്.ഐ അലീന കോടതിയിൽ എത്തിയപ്പോൾ ഒരു കൂട്ടം അഭിഭാഷകർ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നായിരുന്നു പരാതി. പ്രണവ് എന്ന അഭിഭാഷകൻ ഉൾപ്പെടെ ഇരുപതോളം പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ജാമ്യഹർജിയുമായി വലിയതുറ പൊലീസ് സ്റ്റേഷനിലെത്തിയ അഭിഭാഷകനെ കാണാൻ സമയം വൈകിയെന്നാരോപിച്ചാണ് അലീനയെ വഞ്ചിയൂർ കോടതിയിൽ അഭിഭാഷകർ തടഞ്ഞത്. അഭിഭാഷകർ തന്നെ കൈയേറ്റം ചെയ്തെന്നും അസഭ്യം പറഞ്ഞെന്നും കാണിച്ച് എസ്.ഐ അലീന മജിസ്ട്രേറ്റിന് പരാതി നൽകിയിരുന്നു.