ബഫർസോൺ: കോൺഗ്രസിന്റെ സമരപ്രഖ്യാപനം ഇന്ന്; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗവും ചേരും

buffer

ബഫർസോൺ വിഷയം ചർച്ച ചെയ്യാനായി രണ്ട് നിർണായക യോഗങ്ങൾ ഇന്ന് ചേരും. വൈകുന്നേരം മൂന്ന് മണിക്ക് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ സുപ്രീം കോടതിയിൽ സ്വീകരിക്കേണ്ട സമീപനം ചർച്ച ചെയ്യും. ഉപഗ്രഹ സർവേ റിപ്പോർട്ട് സമർപ്പിക്കുന്നതിനൊപ്പം വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ഫീൽഡ് റിപ്പോർട്ട് നൽകാൻ അനുവാദവും തേടും. ഫീൽഡ് സർവേ റിപ്പോർട്ട് സമർപ്പിക്കാനായി സത്യവാങ്മൂലം നൽകാനാണ് നീക്കം

സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി യോഗവും ഇന്ന് ചേരും. ഉപഗ്രഹ സർവേ റിപ്പോർട്ടിൽ പരാതി നൽകാനുള്ള സമയപരിധി നീട്ടാനാണ് ധാരണ. അതേസമയം ഇടുക്കി ജില്ലയിലെ ബഫർസോൺ ഉപഗ്രഹ സർവേയിലെ അപാകത കണ്ടെത്താൻ വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള പരിശോധന ഇന്ന് തുടങ്ങും. മാപ്പിൽ രേഖപ്പെടുത്തിയിരിക്കുന്ന സർവേ നമ്പറുകൾ വനാതിർത്തിയോട് ചേർന്ന പ്രദേശമാണോ, സംരക്ഷിത വനമേഖലയുടെ അതിർത്തിയാണോ ജനസാന്ദ്രത കൂടിയ പ്രദേശമാണോ തുടങ്ങിയവയാണ് പരിശോധിക്കുക

ബഫർസോൺ വിഷയത്തിൽ കോൺഗ്രസിന്റെ സമരത്തിനും ഇന്ന് തുടക്കമാകും. കോഴിക്കോട് കൂരാച്ചുണ്ടിൽ വൈകുന്നേരം മൂന്നരക്കാണ് സമരപ്രഖ്യാപന കൺവെൻഷൻ. രമേശ് ചെന്നിത്തല പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യും. കർഷക സംഘടനകളുടെ പിന്തുണയിൽ മറ്റ് ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കാനാണ് കെപിസിസിയുടെ തീരുമാനം.
 

Share this story