ജനങ്ങളുടെ താത്പര്യം നോക്കാതെ സ്വന്തം കാര്യം നോക്കുന്ന പ്രസ്ഥാനമാണ് സിപിഎം: കെ സുധാകരൻ

sudhakaran

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ നിന്നും വിട്ടുനിൽക്കാനുള്ള സിപിഎം തീരുമാനത്തെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജനങ്ങളുടെയും രാജ്യത്തിന്റെയും താത്പര്യം നോക്കാതെ സ്വന്തം കാര്യം നോക്കി അടവ് നയം സ്വീകരിക്കുന്ന പ്രസ്ഥാനമാണ് സിപിഎം. അതിനാലാണ് ജോഡോ യാത്രയിൽ പങ്കെടുക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവർത്തിച്ച് പറയുന്നത്.

ബിജെപിക്കെതിരെ എതിർ ശബ്ദമുയരേണ്ട വേദികളിൽ ബോധപൂർവം മുടന്തൻ ന്യായങ്ങൾ പറഞ്ഞ് സിപിഎം കേരള ഘടകം ഒഴിഞ്ഞുമാറുന്നത് സംഘ്പരിവാർ നേതൃത്വവുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണെന്നും കെ സുധാകരൻ പറഞ്ഞു. കോൺഗ്രസ് തകരണമെന്ന് ബിജെപിയെ പോലെ സിപിഎം ആഗ്രഹിക്കുന്നു. മൃദുഹിന്ദുത്വം ആരോപണം ഉയർത്തി ബിജെപിയിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന പണി സിപിഎം ഏറ്റെടുത്തതും അതിന്റെ ഭാഗമാണെന്നും സുധാകരൻ പരിഹസിച്ചു.
 

Share this story