അസഭ്യം വിളിച്ചു, ചുമലിൽ പിടിച്ചു തള്ളി; തോമസ് കെ തോമസിനെതിരായ പരാതിക്കാരിയുടെ മൊഴി

കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരായ ജാതി അധിക്ഷേപക്കേസിൽ പരാതിക്കാരിയുടെ മൊഴി പുറത്ത്. യോഗത്തിന് മുമ്പ് എംഎൽഎ തന്നെ അസഭ്യം പറഞ്ഞെന്നാണ് പരാതിക്കാരിയായ ജിഷയുടെ മൊഴി. പാർട്ടി അംഗമല്ലാത്ത ഷേർളി തോമസ് വേദിയിൽ ഇരുന്നത് ചോദ്യം ചെയ്തപ്പോൾ അധിക്ഷേപിച്ചു. ചുമലിൽ പിടിച്ച് തള്ളി.
ഷേർളി തോമസ് വേദിയിലിരുന്നതിനെ താൻ ചോദ്യം ചെയ്തു. പുറത്തുള്ളവർ വേദി വിടണമെന്ന് ആവശ്യപ്പെട്ടപ്പോൾ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും തുടർന്ന് എംഎൽഎ ചുമലിൽ പിടിച്ച് തള്ളിയെന്നും ജിഷയുടെ മൊഴിയിലുണ്ട്. നിന്നെ പോലുള്ള ജാതികളെ പാർട്ടിയിൽ വേണ്ടെന്ന് പറഞ്ഞ് അടിക്കാൻ ഓങ്ങിയപ്പോൾ മറ്റുള്ളവർ തടയുകയായിരുന്നുവെന്നും ജിഷ പറയുന്നു. എൻസിപി മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റാണ് ജിഷ
തോമസ് കെ തോമസിനും ഭാര്യ ഷേർളി തോമസിനുമെതിരെ ജിഷയുടെ പരാതിയിൽ പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ഹരിപ്പാട് മണ്ഡലത്തിലെ എൻസിപി ഫണ്ട് ശേഖരണ യോഗത്തിലാണ് സംഭവം നടന്നത്.