പിടികിട്ടാപ്പുള്ളി 18 വർഷത്തിന് ശേഷം അറസ്റ്റിൽ

Local

പത്തനംതിട്ട: വടശ്ശേരിക്കരയിൽ ഷാപ്പ് ജീവനക്കാരനെ കല്ലെറിഞ്ഞു ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം കടന്നു കളഞ്ഞ പ്രതിയെ 18 വർഷങ്ങൾക്കുശേഷം പെരുനാട് പൊലീസ് പിടികൂടി. സംഭവത്തിന്‌ ശേഷം മലപ്പുറത്ത് ഒളിവിൽ കഴിയുകയായിരുന്ന  മാമ്പാറപീടികയിൽ   പ്രദീപ് കുമാറിനെയാണ്  മലപ്പുറം പാങ്ങുചേണ്ടി കോൽക്കളത്തെ വാടകവീട്ടിൽ നിന്നും പൊലീസ് കുടുക്കിയത്. 

2005 ജനുവരി ഒന്നിനാണ്  കേസിന് ആസ്പദമായ സംഭവം. വായ്പ്പൂർ സ്വദേശി പ്രദീപ്‌ കുമാറിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കേസിൽ പ്രതികളായ ഇയാളും സഹോദരൻമാരായ സന്തോഷ്‌, അനിൽ എന്നിവരും സംഭവത്തിന്‌ ശേഷം ഒളിവിൽ പോകുകയായിരുന്നു. ഇവരെ തുടർന്ന് നടന്ന അന്വേഷണത്തിൽ പൊലീസിന് പിടികൂടാനായിരുന്നില്ല.

മലപ്പുറത്ത്  ടാപ്പിംഗ് ജോലിയുമായി കഴിഞ്ഞുകൂടിയ  പ്രദീപ്‌ രണ്ടാമത് ഒരു സ്ത്രീയെ വിവാഹം കഴിച്ച് അവിടെ കോൽക്കളം എന്ന സ്ഥലത്ത് വർഷങ്ങളായി താമസിച്ചുവരികയായിരുന്നു. രണ്ടാം ഭാര്യയിൽ രണ്ട് കുട്ടികളുമുണ്ട് എന്ന് അന്വേഷണത്തിൽ വെളിവായി.  ആദ്യഭാര്യയിൽ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്, തുടർന്ന് പൊലീസ് ഇൻസ്‌പെക്ടർ  രാജിവ് കുമാറിന്‍റെ നിർദേശപ്രകാരം സി പി ഓമാരായ അജിത്ത് , വിനീഷ് എന്നിവർ സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്. ടാപ്പിങ് പണിക്ക് ശേഷം സ്വന്തം ഓട്ടോറിക്ഷ ഓടിക്കാനും പോയിരുന്നു. സ്റ്റേഷനിൽ എത്തിച്ച പ്രതിയെഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു. മറ്റ് പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share this story